അഞ്ചാലുംമൂട്: കുടുംബവഴക്കിനിടെ ഭാര്യയുടെ ബന്ധുവിനെ കുത്തി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. പനയം പൗർണമി ഓഡിറ്റോറിയത്തിന് സമീപം വിഷ്ണു ഭവനിൽ വിഷ്ണുവിനെയാണ് (32) അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. വിഷ്ണുവിന്റെ ഭാര്യയുടെ അമ്മാവൻ തൃക്കരുവ തേക്കേച്ചേരി താനിക്കൽ കിഴക്കതിൽ മണികണ്ഠനാണ് (41) കുത്തേറ്റത്. കഴിഞ്ഞ 16ന് രാത്രി 8.30 ഓടെയായിരുന്നു സംഭവം. വിഷ്ണുവും ഭാര്യയും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് മണികണ്ഠനും ഭാര്യയുടെ അമ്മയും മധ്യസ്ഥതയ്ക്കെത്തിയതായിരുന്നു. തുടർന്ന് മണികണ്ഠനുമായുണ്ടായ തർക്കത്തിനിടെ വിഷ്ണു മണികണ്ഠനെ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് മുതുകത്ത് കുത്തുകയായിരുന്നു. പരിക്കേറ്റ മണികണ്ഠനെ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.