ccc
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി, ചവറ യൂണിയനുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ശാഖാ നേതൃത്വ സംഗമം നടക്കുന്ന പന്തൽ

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി, ചവറ യൂണിയനുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ശാഖാ നേതൃത്വ സംഗമം ഇന്ന് ശ്രീനാരായണ സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. നേതൃത്വ സംഗമത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി യൂണിയൻ പ്രസിഡന്റ് കെ.സുശീലനും സെക്രട്ടറി എ.സോമരാജനും അറിയിച്ചു. ഇന്ന് രാവിലെ 9 ന് ആരംഭിക്കുന്ന സംഗമത്തിൽ ഇരു യൂണിയനുകളിൽ നിന്ന് പതിനായിത്തോളം ശ്രീനാരായണീയരെ പങ്കെടുപ്പിക്കും. ഇതിനുള്ള എല്ലാ പ്രവർത്തനങ്ങളും ശാഖകളിൽ പൂർത്തിയായി. . സംഗമം നടക്കുന്ന പന്തലും വേദിയും കൊടി തോരണങ്ങളും ഫ്ലക്സ് ബോർഡുകളും കൊണ്ട് കമനീയമായി അലങ്കരിച്ച് കഴിഞ്ഞു. യോഗം നേതാക്കൾ കടന്ന് വരുന്ന റോഡിന്റെ വശങ്ങളിൽ പീത പതാകളും കമാനങ്ങളും ഉയർന്ന് കഴിഞ്ഞു. രാവിലെ 9 ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിക്കുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. ശാഖാ നേതൃത്വ സംഗമത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷനാകും. യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വ‌ർഷമായി തുടരുന്ന വെള്ളാപ്പള്ളി നടേശനെ യൂണിയൻ നേതാക്കൾ ഉപഹാരം നൽകി ആദരിക്കും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണവും യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നൽകും. ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, സെക്രട്ടറി കാരയിൽ അനീഷ് എന്നിവർ ആശംസാ പ്രസംഗം നടത്തും. കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ നന്ദിയും പറയും. ശാഖാ നേതൃത്വ സംഗമം വിജയിപ്പിക്കാൻ എല്ലാ ശാഖാ പ്രവർത്തകരും രാവിലെ 8.30 മണിക്ക് മുമ്പായി ശ്രീനാരായണ സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.