കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൽപ്പെട്ട ചോഴിയക്കോട് ജംഗ്ഷൻ പരിസരത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ ദേവാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ അഞ്ചിടങ്ങളിൽ വൻ മോഷണം നടന്നു.
എസ്.എൻ.ഡി.പി യോഗം ചോഴിയക്കോട് 2816-ാം നമ്പർ ശാഖ ഗുരു മന്ദിരത്തിന്റെ കാണിക്കവഞ്ചി, ക്രിസ്ത്യൻ പള്ളിയുടെ രൂപക്കൂടിന്റെ വാതിൽ, കുഞ്ഞിമോന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കട, മിൽപ്പാലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി, ഒരു ക്ലിനിക്ക് എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്.
രാത്രി 10 മണിയോടെ മോഷണത്തിനായി എത്തിയവർ സമീപത്തെ സ്വകാര്യ ക്ലിനിക് ലാബ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മതിൽകെട്ടിനുള്ളിൽ ഒളിച്ചിരിക്കുന്ന ദൃശ്യങ്ങൾ ഈ സ്ഥാപനത്തിലെ സി.സി.ടി.വി.യിൽ പതിഞ്ഞിരുന്നു. ഇവിടെ മണിക്കൂറുകൾ വിശ്രമിച്ച മോഷ്ടാക്കൾ ക്ലിനിക്കിന്റെ വാതിൽ പൂട്ട് കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തുടർന്ന് തൊട്ടടുത്ത ഗുരുമന്ദിരത്തിന്റെ കാണിക്കവഞ്ചിയുടെയും ഓഫീസ് റൂമിന്റെയും പൂട്ട് തകർത്ത് പണം അപഹരിച്ചു. കൂടാതെ, മിൽപ്പാലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയുടെ പൂട്ട് തകർത്തും പണം കവർന്നു. ഇതിനുശേഷം ചോഴിയക്കോട് ജംഗ്ഷനിലെ പച്ചക്കറിക്കടയുടെ വാതിൽ പൂട്ട് തകർത്ത് കടയ്ക്കുള്ളിൽ കയറി മേശയിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കിയ ശേഷമാണ് പ്രതികൾ പ്രദേശത്തുനിന്ന് കടന്നുകളഞ്ഞത്.
പുലർച്ചെ പച്ചക്കറിക്കട തുറക്കാൻ എത്തിയ വ്യാപാരിയാണ് ആദ്യം മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ചോഴിയക്കോടിന്റെ വിവിധയിടങ്ങളിൽ മോഷണങ്ങൾ നടന്നതായി കണ്ടെത്തിയത്.
ഇതിനെത്തുടർന്ന് നാട്ടുകാർ കുളത്തൂപ്പുഴ പൊലീസിൽ പരാതി നൽകി. മോഷണത്തിന് പിന്നിൽ അന്തർ സംസ്ഥാന മോഷ്ടാക്കൾ ആണെന്ന് കുളത്തൂപ്പുഴ എസ്.എച്ച്.ഒ. ബി. അനീഷ് പറഞ്ഞു. എസ്.എച്ച്.ഒ. ബി. അനീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കൊല്ലത്തുനിന്നും വിരലടയാള വിദഗ്ധർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.