കൊല്ലം: മയ്യനാട് പഞ്ചായത്തിൽ ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യ ശേഖരണവും നിർമ്മാർജ്ജനവും അവതാളത്തിലായിട്ടും അധികൃതർ അനങ്ങുന്നില്ല. വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ പഞ്ചായത്തിലെ ജനവാസ മേഖലയിലുള്ള റോഡരികുകളിൽ കൂട്ടിയിട്ടിട്ട് മാസങ്ങളായി.
ഒരു വാർഡിൽ തന്നെ പത്തോളം ഇടങ്ങളിലാണ് മാലിന്യങ്ങൾ ചാക്കുകളിലാക്കി കൂട്ടിയിട്ടിരിക്കുന്നത്. മഴ കനത്തതോടെ ഈ കൂമ്പാരങ്ങളിൽ നിന്ന് മലിനജലം ഒഴുകി റോഡിലേക്ക് പരക്കുകയും കൊതുക് പെരുകുകയും ചെയ്യുന്നുണ്ട്. ഇത് പല സാംക്രമിക രോഗങ്ങൾക്കും ഇടയാക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ.
ഇവിടെ കൂട്ടിയിടുന്ന മാലിന്യങ്ങൾ പലപ്പോഴും കത്തിക്കുന്നതായും ആക്ഷേപമുണ്ട്. തെരുവുനായ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. മഴക്കാലത്ത് വെള്ളം കയറുന്ന പ്രദേശത്തുൾപ്പടെയാണ് ഇങ്ങനെ ചാക്ക് കണക്കിന് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. മയ്യനാട് പഞ്ചായത്തിന് സ്വന്തമായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) ഇല്ലാത്തതിനാൽ ഹരിത കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങൾ പഞ്ചായത്തിലെ പല ഭാഗങ്ങളിലാണ് സംഭരിക്കുന്നത്. ഇത് പിന്നീട് ഇവിടെയിട്ടു തന്നെ തരംതരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയാണ് പതിവ്.
സ്ഥലം കണ്ടെത്താൻ പരിശ്രമം
സ്വന്തമായി എം.സി.എഫ് പണിയാൻ സ്ഥലം കണ്ടത്താനുള്ള പരിശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. നേരത്തെ കാക്കോട്ടുമൂല കാവടിവയലിൽ എം.സി.എഫിന് സ്ഥലം കണ്ടത്തിയിരുന്നെങ്കിലും പ്രദേശവാസികളുമായി തർക്കം നിലനിൽക്കുന്നതിനാൽ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ എം.എൽ.എ ഫണ്ടിൽ നിന്നു 50 ലക്ഷം വിനിയോഗിച്ച് ഇവിടെ ഗ്രൗണ്ട് നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതിനാൽ അനുയോജ്യമായ മറ്റൊരിടം കണ്ടെത്തി എം.സി.എഫ് നിർമ്മിക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
നിലവിൽ 3, 19 വാർഡുകളിൽ താത്കാലിക എം.സി.എഫ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്ലീൻ കേരള കമ്പനിയുടെ വാഹനം എത്താൻ താമസിക്കുന്നതാണ് മാലിന്യം കെട്ടിക്കിടക്കാൻ കാരണം
എ.ജവാബ് റഹ്മാൻ, വൈസ് പ്രസിഡന്റ്, മയ്യനാട് പഞ്ചയത്ത്
ഹരിതകർമ്മ സേനയുടെ പ്രവർത്തനം പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ മൂലം ഇപ്പോൾ അടുക്കളയിൽ നിന്ന് പെരുവഴിലേക്ക് മാറിയിരിക്കുന്നു. അതിനാൽ മയ്യനാട് ഭരണ സമിതി അടിയന്തരമായി ഈ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കണ്ടില്ലെങ്കിൽ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉണ്ടാകും
ആർ.എസ്. കണ്ണൻ, യു.ഡി.എഫ് മയ്യനാട് മണ്ഡലം ചെയർമാൻ