കൊട്ടാരക്കര: അണ്ടൂർ ക്ഷേത്രക്കുളത്തിന് നവചൈതന്യം, ജില്ലാ പഞ്ചായത്ത് നവീകരിച്ച കുളം നാളെ നാടിന് സമർപ്പിക്കും. സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി 41.51 ലക്ഷം രൂപ ഉപയോഗിച്ചാണ് കുളം നവീകരിച്ചത്. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെ ചുമതലയിലായിരുന്നു നിർമ്മാണം.
നാടിന്റെ ജലശ്രീ
അണ്ടൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിന്റെ അധീനതയിലുള്ള കുളം പതിറ്റാണ്ടുകളായി പ്രദേശത്തിന്റെ പ്രധാന നീരുറവയാണ്.
കാർഷിക ആവശ്യങ്ങൾക്കും മറ്റും കുളത്തിലെ വെള്ളം ഉപയോഗിച്ചിരുന്നു. വിശാലമായ കുളം വക്കിടിഞ്ഞിറങ്ങിയും മറ്റും ഏറെ ചുരുങ്ങി.
ഇപ്പോൾ കണക്കുംപ്രകാരം 65 സെന്റ് ഭൂമിയിലാണ് കുളം സ്ഥിതി ചെയ്യുന്നത്.
ഏറെക്കാലമായി തീർത്തും ഉപയോഗ ശൂന്യമാകുംവിധം കുളം നാശത്തിലായിരുന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബ്രിജേഷ് എബ്രഹാം മുൻകൈയെടുത്താണ് കുളത്തിന്റെ സംരക്ഷണ പദ്ധതി തയ്യാറാക്കിയത്.
കുളത്തിൽ നിന്നും 1500 ക്യുബിക് മീറ്റർ അളവിൽ ചെളിയെടുത്തുമാറ്റി.
കുളത്തിന് ചുറ്റും 200 മീറ്റർ നീളത്തിലും അടിയിൽ നിന്നും 3 മീറ്റർ ഉയരത്തിലും കരിങ്കല്ല് കെട്ടി സംരക്ഷണം ഒരുക്കിയിരുന്നു.
കൂടാതെ കുളത്തിന് ചുറ്റും ഒരു മീറ്റർ വീതിയിൽ ഇന്റർലോക്ക് പാകി നടപ്പാതയും ഒരുക്കി.
ഒന്നര മീറ്റർ ഉയരത്തിൽ ചെയിൻ ലിങ്ക് സ്ഥാപിച്ചു.
പൊതുജനങ്ങൾക്ക് ഉപയോഗിക്കാം
ക്ഷേത്രക്കുളമാണെങ്കിലും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുംവിധമാണ് നവീകരിച്ചത്. പൊതുജനങ്ങൾക്കായി കൈവരിയോടുകൂടിയ രണ്ട് കൽപ്പടവുകളും നിർമ്മിച്ചിട്ടുണ്ട്. വേനൽക്കാലത്ത് കുളം പൊതുസമൂഹത്തിന് കൂടുതൽ ഗുണകരമാകും.
ഉദ്ഘാടനം
നാളെ വൈകിട്ട് 4ന് ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാം നവീകരിച്ച കുളം ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം അണ്ടൂർ സുനിൽ അദ്ധ്യക്ഷനാകും. പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. അണ്ടൂർ ക്ഷേത്ര മൈതാനിയിലാണ് ഉദ്ഘാടന സമ്മേളനം.