കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ കുണ്ടറ, ചാത്തന്നൂർ, കുന്നത്തൂർ യൂണിയനുകളുടെ കീഴിലുള്ള ശാഖകളുടെ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ച് കുണ്ടറയിൽ സംഘടിപ്പിക്കുന്ന ശാഖ നേതൃ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർണം. നാളെ രാവിലെ 9 മുതൽ ഇളമ്പള്ളൂർ വിസ്മയ കൺവെൻഷൻ സെന്ററിലാണ് നേതൃസംഗമമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾ കാലോചിതമായി നവീകരിക്കുന്നതിനൊപ്പം കുടുംബയൂണിറ്റ് തലം മുതൽ സംഘടനയ്ക്ക് കൂടുതൽ കരുത്തുപകരാനാണ് ശാഖ നേതൃത്വം സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. സംഗമത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തും.

യോഗം ദേവസം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടന സന്ദേശം നൽകും. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ യൂണിയൻ റിപ്പോർട്ട് അവതരിപ്പിക്കും. കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, ചാത്തന്നൂർ യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, കുന്നത്തൂർ യൂണിയൻ സെക്രട്ടറി ഇൻ ചാർജ് റാം മനോജ് എന്നിവർ സംസാരിക്കും. കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ സ്വാഗതവും കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ നന്ദിയും പറയും. കുണ്ടറ, കുന്നത്തൂർ, ചാത്തന്നൂർ യൂണിയനുകളിൽ നിന്നായി 4000പേർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ ഡോ. ജി. ജയദേവൻ, ബി.ബി. ഗോപകുമാർ, ആർ. ശ്രീകുമാർ, അഡ്വ. എസ്. അനിൽ കുമാർ, കെ. വിജയകുമാർ എന്നിവർ പങ്കെടുത്തു.