കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് ജനസാഗരത്തെ സാക്ഷിയാക്കി കൊല്ലം യൂണിയൻ ഇന്ന് സ്നേഹാദരവ് സമ്മാനിക്കും. കൊല്ലം കന്റോൺമെന്റ് മൈതാനത്തെ വേദിയിൽ വൈകിട്ട് 4.30നാണ് സമ്മേളനം.

മന്ത്രി കെ.എൻ.ബാലഗോപാൽ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതം പറയും. മന്ത്രിമാരായ വി.എൻ.വാസവൻ, സജി ചെറിയാൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ജെ.ചിഞ്ചുറാണി, രമേശ് ചെന്നിത്തല എം.എൽ.എ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, മേയർ ഹണി ബെഞ്ചമിൻ എന്നിവർ സംസാരിക്കും. വെള്ളാപ്പള്ളി നടേശൻ സ്നേഹാദരവ് ഏറ്റുവാങ്ങിയ ശേഷം മറുപടി പ്രസംഗം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്‌ണൻ നന്ദി പറയും.

ചടങ്ങിന് ആരംഭം കുറിച്ച് 100ൽ പരം നർത്തകിമാർ ദൈവദശകം മോഹിനിയാട്ട രൂപത്തിൽ അവതരിപ്പിക്കും. കൊല്ലം യൂണിയൻ പരിധിയിലുള്ള 77 ശാഖകളിൽ നിന്നായി ആയിരക്കണക്കിന് യോഗം പ്രവർത്തകരും സാമൂഹിക, സാംസ്ക‌ാരിക തലങ്ങളിലുള്ള പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിക്കും. പതിനായിരത്തിലേറെപ്പേരെ പങ്കെടുപ്പിക്കാനുള്ള ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്. വൈകിട്ട് മൂന്ന് മണിയോടെതന്നെ ശ്രീനാരായണീയർ സമ്മേളന വേദിയിലേക്ക് ഒഴകിയെത്തും. സ്നേഹാദരവ് ചടങ്ങിന്റെ ഭാഗമായി നഗര ഹൃദയമാകെ വെള്ളാപ്പള്ളി നടേശന്റെ കട്ടൗട്ടുകളും പീതപതാകകളും വൈദ്യുതി ദീപാലങ്കാരങ്ങളും നിറഞ്ഞിരിക്കുകയാണ്.