കൊല്ലം: പാർവത്യാർ ജംഗ്ഷനിൽ മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ, ചെമ്മാമുക്ക് അയത്തിൽ റോഡിലെ ഗതാഗതക്കുരുക്ക് രൂക്ഷമാവും. രാവിലെ ഒൻപതു മുതൽ ഒന്നു വരെ നടന്നുപോലും പോകാനാവാത്ത അവസ്ഥയാണ് ഇവിടെ.
വളരെ വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ അശ്രദ്ധമായിട്ടാണ് പാർക്ക് ചെയ്യുന്നത്. ഇരു വശങ്ങളിൽ നിന്നു കടന്നു വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ, റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റോഡിലേക്ക് ഇറക്കുമ്പോൾ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടാവും. സ്വകാര്യ ബസുകളാണ് ഇവിടെ കൂടുതലായി സർവ്വീസ് നടത്തുന്നത്. നഗരത്തിലേക്ക് പ്രവേശിക്കാനുള്ള ധൃതിയിൽ വാഹനങ്ങൾ വളരെ വേഗത്തിലാണ് ഇതുവഴി കടന്നു പോകുന്നത്. പലപ്പോഴും തലനാരിഴയക്കാണ് വലിയ അപകടങ്ങൾ ഒഴിഞ്ഞ് മാറുന്നത്. പരിമിതമായ സ്വകര്യങ്ങൾക്ക് നടുവിലാണ് ഇവിടെ മാർക്കറ്റിന്റെ പ്രവർത്തനം. പുതിയ മാർക്കറ്ര് ആരംഭിക്കാൻ കോർപ്പറേഷൻ ശ്രമിച്ചിരുന്നെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് പിന്മാറുകയായിരുന്നു. മാർക്കറ്റ് തുടങ്ങുന്നതിന് അനുയോജ്യമായ സ്ഥലം ലഭിക്കാഞ്ഞതും തിരിച്ചടിയായി.
മാർക്കറ്റ് സ്വകാര്യ ഭൂമിയിൽ
കോർപ്പറേഷൻ പരിധിയിൽ 26-ാം ഡിവിഷനിൽ അമ്മൻനടയിലാണ് പാർവ്വത്യാർ മാർക്കറ്റ് പ്രവർത്തിക്കുന്നത്. മാർക്കറ്റിന് വളരെ പഴക്കം ഉണ്ടെങ്കിലും സ്ഥലപരിമിതി മൂലം പലയിടങ്ങളിലായി മാറിമാറിയാണ് മാർക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇടയ്ക്ക് പ്രവർത്തനം പൂർണ്ണമായി നിലച്ചിരുന്നു. നിലവിൽ സ്വകാര്യ വ്യക്തി ലീസിനെടുത്ത പുരയിടത്തിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. മത്സ്യക്കച്ചവടമാണ് ഇവിടെ പ്രധാനമായി നടക്കുന്നത്. വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തത് മൂലം നിലത്തിരുന്നാണ് വ്യാപാരം നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 8 മണിക്ക് മാർക്കറ്റ് സജീവമാകും. ഉച്ചയ്ക്ക് 1 മണിയോടെയാണ് പ്രവർത്തനം അവസാനിക്കുന്നത്.
ആ ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും അനേകം സാധാരക്കാർ എത്തുന്ന ചന്തയ്ക്ക് സ്ഥലം കണ്ടെത്തി പുതിയത് നിർമ്മിക്കാനും ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാർ പലരും എതിർത്തതോടെ നിറുത്തി വയ്ക്കുകയായിരുന്നു
പ്രേം ഉഷാർ, വടക്കേവിള കൗൺസിലർ