കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗത്തെ എങ്ങനെയെങ്കിലും തകർക്കുക എന്നതാണ് ചിലരുടെ ലക്ഷ്യമെന്ന് വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. യോഗം കരുനാഗപ്പള്ളി, ചവറ യൂണിയനുകൾ സംയുക്തമായി ശ്രീനാരായണ സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ശാഖാ നേതൃത്വ സംഗമത്തിൽ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് കേസുകളാണ് ചിലർ കീഴ്‌കോടതി മുതൽ സുപ്രീംകോടതി വരെ കൊടുത്തിട്ടുള്ളത്. പക്ഷേ ഇന്നേവരെ ഒരു കോടതിയിലും യോഗത്തിനോ നേതാക്കൾക്കോ എതിരായി ഏതെങ്കിലുമൊരു ഉത്തരവ് എന്നല്ല, ഒരു നെഗറ്റീവ് പരാമർശം പോലും ഉണ്ടായിട്ടില്ല. ക്രൈംബ്രാഞ്ച്, ഇ.ഡി തുടങ്ങി സി.ബി.ഐ വരെ രാജ്യത്തെ അന്വേഷണ ഏജൻസികളെല്ലാം ഈ പരാതികളെക്കുറിച്ച് അന്വേഷിച്ചു. ഒന്നുമുണ്ടായില്ല. ഇത്തരക്കാരുടെ ഉദ്ദേശം വേറെയാണ്. വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് ആക്ഷേപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആരെക്കുറിച്ചും എന്തും വിളിച്ചുപറയാം എന്ന നിലയിലേക്ക് നവ മാദ്ധ്യമങ്ങൾ ഉൾപ്പെടെ എത്തിക്കഴിഞ്ഞു.
സംഘടന ഛിന്നഭിന്നമാണെന്ന് വരുത്തിത്തീർക്കാനാണ് ഒരുവിഭാഗം മാദ്ധ്യമങ്ങളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ശ്രമം.
മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട് ഒരൊറ്റ കേസുപോലും എസ്.എൻ.ഡി.പി യോഗത്തിനെതിരെയില്ല. ചുരുക്കം ചിലയിടങ്ങളിൽ അപാകതകൾ ഉണ്ടായിട്ടുണ്ട്. ഉത്തരവാദികൾക്കെതിരെ കേസുകളുണ്ടാവുകയും അവർക്കെതിരെ സംഘടനാതല നടപടികൾ സ്വീകരിക്കുകയും ചെയ്തു. കേരളത്തിന്റെ മൊത്തം സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റം ഉണ്ടാക്കാനുള്ള വിപ്ലവകരമായ തീരുമാനമായിരുന്നു മൈക്രോഫിനാൻസ്. 15,000 ഓളം കോടി രൂപ മൈക്രോഫിനാൻസ് വഴി അംഗങ്ങളിലെത്തിച്ചു. ഇപ്പോഴത്തെ യോഗം ഭരണ നേതൃത്വം അധികാരത്തിലേറുമ്പോൾ കേവലം അമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ മുപ്പത് വർഷംകൊണ്ട് സ്‌കൂളുകൾ, കോളേജുകൾ തുടങ്ങി നൂറ്റിമുപ്പതിൽപരം പുതിയ സ്ഥാപനങ്ങൾ പണിതുയർത്താനായി. വിദേശ രാജ്യങ്ങളിൽ നിന്ന് പണം വരുന്ന സംഘടനയല്ല എസ്.എൻ.ഡി.പി യോഗം. ലഭിച്ച സംഭാവനകൾ കൃത്യമായി ഉപയോഗിച്ചുകൊണ്ടാണ് ഇത്രയധികം സ്ഥാപനങ്ങൾ സൃഷ്ടിക്കാനായത്. മുഴുവൻ ശാഖായോഗങ്ങളും വനിതാസംഘങ്ങളും യൂത്ത് മൂവ്മെന്റും അതേപോലെ യൂണിയനുകളും യോഗവും ഒറ്റക്കെട്ടായി പ്രവർത്തിച്ചത് കൊണ്ടാണ് ഇത്രയും വലിയ വളർച്ച ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.