കരുനാഗപ്പള്ളി/ ചവറ: ചിട്ടയായ സംഘാടനത്തിലൂടെ നേതൃത്വസംഗമം വൻ വിജയമാക്കിയതിന്റെ ചാരിതാർത്ഥ്യത്തിലാണ് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി, ചവറ യൂണിയൻ ഭാരവാഹികളും പ്രവർത്തകരും.
ജനറൽ സെക്രട്ടറിയെ വരവേൽക്കാൻ രാവിലെ 8 മുതൽ തന്നെ കരുനാഗപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്കൂൾ വളപ്പിലെ വേദിയിൽ ജനത്തിരക്കായിരുന്നു. 8000 പേർക്കുള്ള ഇരിപ്പിടങ്ങളാണ് ഒരുക്കിയിരുന്നത്. ഉച്ചഭക്ഷണം ചിക്കൻ ബിരിയാണി. ഭക്ഷണവും കുടിവെള്ളവും അതത് ശാഖകളിൽ നിന്നുള്ള വാഹനത്തിൽ കൃത്യമായി ലഭിക്കത്തക്ക വിധം വിപുലമായ ക്രമീകരണങ്ങളാണ് സംഘാടകർ നടത്തിയത്. 8 മണിയോടെ എത്തിച്ചേർന്ന കരുനാഗപ്പള്ളി, ചവറ യൂണിയൻ ശാഖാ ഭാരവാഹികൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കരുനാഗപ്പള്ളിയിലെ 68 ശാഖകളിലെയും ചവറയിലെ 38 ശാഖകളിലെയും പ്രവർത്തകർക്ക് എത്തിച്ചേരാൻ രാവിലെ 7ന് മുമ്പുതന്നെ വാഹനങ്ങൾ അയച്ചുതുടങ്ങി. 8 മണിയോടെ സെൻട്രൽ സ്കൂൾ ഗ്രൗണ്ട് മഞ്ഞക്കടലായി. പ്രവേശന കവാടത്തിൽ വച്ച് തന്നെ മഞ്ഞത്തൊപ്പിയും ഇരു യൂണിയനുകളുടെയും ആശംസകൾ ആലേഖനം ചെയ്ത മഞ്ഞ ഷാളും കഴുത്തിലണിഞ്ഞ് ആവേശത്തോടെയാണ് പ്രിയനേതാവിനെ വരവേൽക്കാൻ പ്രവർത്തകർ ഇരിപ്പിടങ്ങളിലേക്കെത്തിയത്.
എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ ആദ്യം വേദിയിലേക്ക് എത്തിച്ചർന്നു. യോഗം നേതാക്കളെ യൂണിയൻ നേതാക്കളായ എ. സോമരാജൻ, കെ.സുശീലൻ, അരിനല്ലൂർ സഞ്ജയൻ കാരയിൽ അനീഷ് എന്നിവർ ചേർന്ന് വേദിയിലേക്ക് ആനയിച്ചു. ഗീതാ ബാബുവിന്റെ ദൈവദശക ആലാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. തുഷാർ വെള്ളാപ്പള്ളിയുടെ പ്രസംഗം അവസാനിക്കും മുമ്പുതന്നെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഭാര്യ പ്രീതി നടേശനോടൊപ്പം പ്രവേശന കവാടത്തിൽ എത്തിച്ചേർന്നു. തുടർന്ന് വേദിയിലെത്തിയ ജനറൽ സെക്രട്ടറിയെ മുദ്രാവാക്യം വിളിച്ചും കരഘോഷത്തോടെയും എഴുന്നേറ്റു നിന്ന് പ്രവർത്തകർ സ്വീകരിച്ചു. ജനറൽ സെക്രട്ടറി കൈകൂപ്പി സ്വീകരണം ഏറ്റുവാങ്ങി. മഞ്ഞ ജമന്തി പൂക്കളാൽ നിർമ്മിച്ച പടുകൂറ്റൻ മാല ഇരു യൂണിയനുകളിലെയും ഭാരവാഹികൾ ചേർന്ന് ജനറൽ സെക്രട്ടറിയെ അണിയിച്ചു. തുടർന്ന് തലപ്പാവ് ധരിപ്പിച്ച് ദന്ധും കൈമാറി. അയ്യപ്പ വിഗ്രഹം സമ്മാനിച്ചു. 30 സുവർണ വർഷങ്ങൾ ആലേഖനം ചെയ്ത കേക്ക് വേദിയിൽ വച്ച് മുറിച്ചു. തുടർന്ന് ജനറൽ സെക്രട്ടറിയുടെ ഓരോ വാക്കും സദസ് ശ്രദ്ധയോടെ ശ്രവിച്ചു.
കരുത്തോടെ നേതൃനിര
യൂണിയൻ നേതാക്കളായ എ.സോമരാജൻ, കെ.സുശീലൻ, എസ്.ശോഭനൻ, അരിനല്ലൂർ സഞ്ജയൻ, കാരയിൽ അനീഷ്, കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, കരുനാഗപ്പള്ളി യൂണിയൻ കൗൺസിലർമാരായ ക്ലാപ്പന ഷിബു, രാജൻ കാരമൂട്ടിൽ, ബിജു രവീന്ദ്രൻ, അനിൽ ബാലകൃഷ്ണൻ, കെ.ബി.ശ്രീകുമാർ, വി.എം. വിനോദ്കുമാർ, ടി.ഡി.ശരത് ചന്ദ്രൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ശർമ്മ സോമരാജൻ, വനിതാസംഘം പ്രസിഡന്റ് അംബികാദേവി, സെക്രട്ടറി മധുകുമാരി, സ്മിത, പെൺഷണേഴ്സ് യൂണിയൻ പ്രസിഡന്റ് കെ.കെ. വിശ്വനാഥൻ, എംപ്ലോയീസ് ഫോറം യൂണിയൻ സെക്രട്ടറി എ. അജിത്കുമാർ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിപിൻലാൽ, സെക്രട്ടറി സഞ്ജു സന്തോഷ്, കായംകുളം ശ്രീനാരായണ സാംസ്കാരിക സമിതി ചെയർമാൻ പ്രൊഫ: പി. പദ്മകുമാർ, കൺവീനർ പള്ളിയമ്പിൽ ശ്രീകുമാർ, യോഗം ബോർഡ് മെമ്പർ സുധാകരൻ, ചവറ യൂണിയൻ കൗൺസിലർമാരായ എം.പി. ശ്രീകുമാർ, ഗണേശറാവു, ഓമനക്കുട്ടൻ, മുരളീധരൻ, കാർത്തികേയൻ, രഘു, പെൺഷണേഴ്സ് ഫോറം ഭാരവാഹികളായ മോഹൻ നിഖിലം, ശോഭകുമാർ, യൂത്ത്മൂവ്മെന്റ് ഭാരവാഹികളായ റോസ് ആനന്ദ്, ബിനു പള്ളിക്കോടി, ട്രസ്റ്റ്ബോർഡ് മെമ്പർ രാജേഷ് നിർമ്മൽ, വനിതാസംഘം ഭാരവാഹികളായ അപ്സര സുരേഷ്, സൈബർസേന മെമ്പർ സിബുലാൽ എന്നിവരാണ് നേതൃത്വം നൽകിയത്.