photo
എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര, കടയ്ക്കൽ യൂണിയനുകളുടെ ശാഖാനേതൃത്വ സംഗമം നടക്കുന്ന എം.സി റോഡരികിലെ കൊട്ടാരക്കര ആർ.ശങ്കർ നഗറിന്റെ പ്രവേശന കവാട ചുവരിൽ മൺമറഞ്ഞ നേതാക്കളുടെ ചിത്രങ്ങൾ ആലേഖനം ചെയ്തത്

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര, കടയ്ക്കൽ യൂണിയനുകൾ സംയുക്തമായി കൊട്ടാരക്കരയിൽ ഇന്ന് സംഘടിപ്പിക്കുന്ന ശാഖാനേതൃത്വ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. എം.സി റോഡരികിൽ ഇന്ത്യൻ കോഫീഹൗസിന് സമീപം 'ആർ.ശങ്കർ നഗറി'ലാണ് സംഗമം സംഘടിപ്പിക്കുന്നത്. 2500 പേർക്ക് ഇരിക്കാവുന്ന പന്തലാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. എം.സി റോഡിന് അഭിമുഖമായി സമ്മേളന നഗരിയിലേക്ക് കടക്കുന്ന കവാടത്തിന് ഇരുവശവും മൺമറഞ്ഞ നേതാക്കളുടെ ചിത്രങ്ങളുൾപ്പെടുന്ന വ്യത്യസ്തമായ മതിലൊരുക്കിയത് വേറിട്ട കാഴ്ചാനുഭവമാണ്. ശ്രീനാരായണ ഗുരുദേവൻ, കുമാരനാശാൻ, ഡോ.പല്പു, സി.വി.കുഞ്ഞിരാമൻ, ആർ.ശങ്കർ, സി.കേശവൻ, സഹോദരൻ അയ്യപ്പൻ, ദേശാഭിമാനി ടി.കെ.മാധവൻ, കെ.എൻ.സത്യപാലൻ, പച്ചയിൽ ശശിധരൻ എന്നീ മൺമറഞ്ഞ നേതാക്കളുടെ ജീവൻതുടിക്കുന്ന ശില്പസമാനമായ ചിത്രങ്ങളാണ് മനോഹരമായ ചുറ്റുമതിലിൽ വേറിട്ട ചാരുതതീർക്കുന്നത്. ഇഷ്ടിക അടുക്കിയ മാതൃകയിലുള്ള മതിലിൽ യോഗത്തിന്റെയും യൂണിയന്റെയും മൺമറഞ്ഞ നേതാക്കളെയും മൂന്ന് പതിറ്റാണ്ടായി യോഗത്തെ നയിക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ഉൾപ്പെടുത്തുക മാത്രമല്ല ചുരുങ്ങിയ വാക്കുകളിൽ വിശേഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. നേതൃ സംഗമത്തിൽ പങ്കെടുക്കുന്നവർക്കും വഴിയാത്രക്കാർക്കും നേതാക്കളെ ചിത്രങ്ങളിൽക്കൂടിയും വിശേഷണ വിവരങ്ങളിൽക്കൂടിയും കൂടുതൽ ഉൾക്കൊള്ളാനാകുംവിധത്തിലാണ് സജ്ജീകരണം. വിശാലമായ പന്തൽ ഉച്ചയോടെ നിറയുമെന്നാണ് കണക്കുകൂട്ടുന്നത്. കൊട്ടാരക്കര യൂണിയനിൽ നിന്നുള്ള 91 ശാഖകളിൽ നിന്നും കടയ്ക്കൽ യൂണിയനിലെ 42 ശാഖകളിൽ നിന്നും നേതാക്കൾ പങ്കെടുക്കും. ഒരു ശാഖയിൽ നിന്നും 20 മുതൽ 25 വരെയാണ് ശാഖ, പോഷക സംഘടനാ നേതാക്കൾ പങ്കെടുക്കുന്നത്.

വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും

ഉച്ചയ്ക്ക് 2ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശാഖാനേതൃത്വം സംഗമം ഉദ്ഘാടനം ചെയ്യും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തും. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകും. കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, കടയ്ക്കൽ യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ്, കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ.എൻ.രവീന്ദ്രൻ, കടയ്ക്കൽ യൂണിയൻ സെക്രട്ടറി കെ.പ്രേംരാജ് എന്നിവർ സംസാരിക്കും.