കൊല്ലം: ബംഗ്ലാദേശി പൗരന് താമസ സൗകര്യവും ജോലിയും ശരിയാക്കിയ യുവാവ് അറസ്റ്റിലായി. തപൻദാസെന്ന യുവാവാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. തപൻദാസിന്റെ പൗരത്വം സംബന്ധിച്ച് ദേശീയ സുരക്ഷ ഏജൻസികളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചു.

കൊല്ലം സിറ്റി പൊലീസിന്റെ സുരക്ഷിതതീരം പദ്ധതിയുടെ ഭാഗമായി, മത്സ്യബന്ധന മേഖലകളിൽ പണിയെടുക്കുന്നവരുടെ രജിസ്‌ട്രേഷൻ നടപടികൾ നടക്കുകയാണ്. കഴിഞ്ഞദിവസം വ്യാജ ആധാർ കാർഡുമായി രജിസ്‌ട്രേഷനു വന്ന ബംഗ്ലാദേശി പൗരനെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബംഗ്ലാദേശി പൗരന് വ്യാജ ആധാർ കാർഡ് നിർമ്മിച്ചു നൽകുകയും അതുപയോഗിച്ച് ശക്തികുളങ്ങര ഹാർബറിലെ ബോട്ടിൽ ജോലി തരപ്പെടുത്തി കൊടുക്കുകയും ചെയ്ത തപൻ ദാസ് പിടയിലായത്.

ശക്തികുളങ്ങര എസ്.എച്ച്.ഒ ആർ രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐ ജിബി, സന്തോഷ്, സുഭാഷ്, സി.പി.ഒ രാഹുൽ കൃഷ്ണൻ,വനിതാ സി.പി.ഒ സൂര്യ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.