
കൊല്ലം: നാടിനു ഭീഷണിയായ നായ്ക്കളെ നിയന്ത്രിക്കാൻ സ്വകാര്യ പങ്കാളിത്തത്തോടെ ഡോഗ് ഷെൽട്ടർ ഹോമുകൾ നിർമ്മിക്കാൻ കോർപ്പറേഷന്റെ ആലോചന. അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ കോർപ്പറേഷൻ അധികൃതർ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകി.
മുണ്ടയ്ക്കലിൽ നേരത്തെ പലതവണ നാട്ടുകാരെ ആക്രമിച്ച തെരുവ് നായ രണ്ടാഴ്ച മുൻപ് വീട്ടമ്മയെ ആക്രമിച്ചിരുന്നു. നാട്ടുകാർ ദൂരെ സ്ഥലത്ത് കൊണ്ടുപോയി ഉപേക്ഷിച്ചിട്ടും ഈ നായ മുണ്ടയ്ക്കലിലേക്ക് മടങ്ങിയെത്തി. പല സ്ഥലങ്ങളിലും 'സ്ഥിരം കുറ്റവാളി'കളായ നായ്ക്കളുണ്ട്. ഇവ തുടർച്ചയായി നാട്ടുകാരെ ആക്രമിക്കുന്ന അവസ്ഥയാണ്. ഇത്തരം നായ്ക്കളെ പിടികൂടി നിശ്ചിതകാലത്തേക്ക് സംരക്ഷിക്കുന്ന കേന്ദ്രമാണ് ലക്ഷ്യമിടുന്നത്. സമീപത്ത് ജനവമാസമില്ലാത്ത പറമ്പുകളിലാണ് ഡോഗ് ഷെൽട്ടർ ആലോചിക്കുന്നത്.ഇതിന്റെ നടത്തിപ്പ് രീതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. പരിപാലന ചെലവായി കോർപ്പറേഷൻ നിശ്ചിത തുക നൽകും.
ഫീഡിംഗ് പോയിന്റുകളും
തോന്നുന്നിടത്തെല്ലാം തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന മൃഗസ്നേഹികളെ നിയന്ത്രിക്കാൻ പ്രത്യേക ഫീഡിംഗ് പോയിന്റുകൾ നിശ്ചയിക്കാൻ കോർപ്പറേഷൻ നടപടി തുടങ്ങി. എല്ലാ ഡിവിഷനുകളിലും ഓരോ ഫീഡിംഗ് പോയിന്റ് സ്ഥാപിക്കാനാണ് ആലോചന. നിലവിൽ സ്ഥിരമായി ഭക്ഷണം കിട്ടുന്നിടത്തെല്ലാം തെരുവ്നായ്ക്കകൾ തമ്പടിച്ച് പെറ്റുപെരുകുകയാണ്. ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് മൃഗസ്നേഹികൾ തെരുവ് നായ്കൾക്ക് ഭക്ഷണം നൽകുന്നത്. ഇവയുടെ വീഡിയോ എടുത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും പതിവാണ്.
വളർത്തുനായ്ക്കൾക്ക് ലൈസൻസ് വേണം
വളർത്തുനായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കാനും കോർപ്പറേഷൻ തീരുമാനിച്ചു. ഒന്നും രണ്ടും മാസം നായയെ വീട്ടിൽ വളർത്തിയ ശേഷം തെരുവിൽ ഉപേക്ഷിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ഏതാനും മാസങ്ങൾക്കുള്ളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് വീടുകൾ കയറി പരിശോധന നടത്തി ലൈസൻസില്ലാതെ നായയെ വളർത്തുന്നവർക്ക് പിഴ ചുമത്തും.