പരവൂർ: നഗരമദ്ധ്യത്തെ ബഹുനില കെട്ടിടം ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലായിട്ടും അധികൃതർ അനങ്ങുന്നില്ല.
പരവൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന മൂന്ന് നില കെട്ടിടമാണ് പ്ലാസ്റ്ററിംഗ് ഇളകി വീണ് കോൺക്രീറ്റ് കമ്പികൾ തെളിഞ്ഞു അപകട ഭീഷണിഉയർത്തുന്നത്. എസ്.എൻ.വി.ആർ.സി ബാങ്കിനു സമീപത്തെ സുമാ ബിൽഡിംഗിനോട് ചേർന്നാണ് ഈ കെട്ടിടം. 45 ഓളം വർഷം പഴക്കമുണ്ട് കെട്ടിടത്തിന്. നഗരസഭ ഓഫീസിന്റെ മൂക്കിന് താഴെ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ അധികൃതർ ഇതുവരെ കണ്ടതായി നടിക്കുന്നില്ല. ഈയടുത്ത കാലം വരെ സംസ്ഥാന മനുഷ്യാവകാശവകുപ്പ് സംരക്ഷണ സമിതി ഓഫീസും ഈ കെട്ടിടത്തിലായിരുന്നു. കെട്ടിടത്തിന്റെ സ്ഥിതി മനസിലാക്കി ആ സർക്കാർ സ്ഥാപനം ഇപ്പോൾ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.
ദിനംപ്രതി രാവിലെ മുതൽ നൂറ്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ചാത്തന്നൂർ-പരവൂർ റോഡിനോട് ചേർന്നു നിൽക്കുകയാണ് കെട്ടിടം. എസ്.എൻ.വി ബാങ്ക് ഓഡിറ്റോറിയത്തിൽ വിവാഹം പോലെയുള്ള ചടങ്ങുകൾ നടക്കുമ്പോഴും സാധാരണ ദിവസങ്ങളിൽ മാർക്കറ്റിൽ വരുന്നവരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നത് ഈ കെട്ടിടത്തിന്റെ താഴെ ഭാഗത്തായാണ്. ഇതുവഴിയുള്ള കാൽനട യാത്രക്കാരും കുറവല്ല. ഏതു നിമിഷവും അടർന്ന് വീഴാവുന്ന തരത്തിലുള്ള സിമന്റ് പാളികൾ പോലും ഭീഷണിയാവുകയാണ്. കനത്ത കാറ്റും മഴയും ഉണ്ടായാൽ എന്തും സംഭവിക്കുന്ന അവസ്ഥയിലാണ് കെട്ടിടം. ഇതേ കെട്ടിടത്തിന്റെ അടിഭാഗത്തായി ഒരു സ്റ്റേഷനറി കട പ്രവർത്തിക്കുന്നുണ്ട്.