photo
അഴീക്കൽ ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആദരവ് പ്രഥമാദ്ധ്യാപിക സ്മിതയും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങുന്നു

കരുനാഗപ്പള്ളി: ലഹരിക്കെതിരായ ബോധവത്കരണ തെരുവ് നാടകം വിജയകരമായി അവതരിപ്പിച്ചതിന് അഴീക്കൽ ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആദരം. ഉപഹാരം നൽകിയാണ് വിദ്യാർത്ഥികളെ ആദരിച്ചത്. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഫിഷറീസ് വകുപ്പ്, തീരദേശ പൊലീസ്, എക്‌സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കിവരുന്ന 'ലഹരി മുക്തകേരളം' ക്യാമ്പയിന്റെ ഭാഗമായാണ് ആദരം.

കൊല്ലം ജില്ലാതല ഉദ്ഘാടനം നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ വെച്ച് ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.മനോഹരൻ അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക സ്മിതയും വിദ്യാർത്ഥികളും ചേർന്നാണ് ഉപഹാരം ഏറ്റുവാങ്ങിയത്.

അവധിക്കാലത്ത് സ്കൂളിൽ സംഘടിപ്പിച്ച ചിൽഡ്രൻസ് തീയേറ്റർ വർക്ക്‌ഷോപ്പിൽ പരിശീലനം നേടിയ വിദ്യാർത്ഥികളാണ് നാടകം അവതരിപ്പിച്ചത്. കേരള സർക്കാറിന്റെ മികച്ച നടനുള്ള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ നടനും ആക്ടിംഗ് ട്രെയിനറും ടെക്നീഷ്യനുമായ ഷിനിൽ വടകരയും കെ.പി.എ.സി. ബിനുവുമാണ് തെരുവ് നാടകത്തിന്റെ പരിശീലകർ. പി.ടി.എ വൈസ് പ്രസിഡന്റ് മോഹൻ ദാസ്, എം.പി.ടി.എ വൈസ് പ്രസിഡന്റ് രാഖി, എക്സിക്യൂട്ടീവ് അംഗങ്ങളായ റാണി, രാഖി, അദ്ധ്യാപികയും ചിൽഡ്രൻസ് തീയേറ്റർ കൺവീനറുമായ അഞ്ജന, അബീദ, വിദ്യ, സുമിത മാത്യൂ എന്നിവർ ചടങ്ങിൽ പങ്കാളികളായി.

.