
വിജയത്തിനു പിന്നിൽ വി. സദാശിവന്റെ നിശ്ചയദാർഢ്യം
കൊല്ലം: കടുത്ത എതിർപ്പുകളെയും വ്യാജപ്രചാരണങ്ങളെയും അതിജീവിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ 13 വർഷം മുൻപ് അന്നത്തെ ഭരണസമിതി സെക്രട്ടറി വി. സദാശിവന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഓംകാരം ഭജനസത്രത്തോടുള്ള ഭക്തജന പ്രിയം വർദ്ധിക്കുന്നു. ഇത്തണവത്തെ വൃശ്ചികോത്സവത്തിന് മുന്നോടിയായി ഇക്കഴിഞ്ഞ 18ന് രാവിലെ ബുക്കിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കകം മുറികൾ പൂർണമായും ഭക്തർ ഏറ്റെടുത്തു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ക്ഷേത്രത്തിലെ പഴയ സത്രം ഇത്തവണ ഭക്തജനങ്ങൾക്ക് ഭജനം പാർക്കാൻ നൽകില്ല. അതുകൊണ്ട് ആയിരങ്ങളാണ് ഓംകാരം ഭജനസത്രത്തിൽ പ്രതീക്ഷ അർപ്പിച്ചിരുന്നത്. പടനിലത്ത് നേരത്തെ പഴയ സത്രത്തിലെ ഇടുങ്ങിയ മുറികൾ മാത്രമാണ് ഭജനം പാർക്കാൻ ഉണ്ടായിരുന്നത്. അതുകൊണ്ടാണ് പുതിയ ഭജനസത്രം നിർമ്മിക്കാൻ 2012ൽ തീരുമാനിച്ചത്.
വി. സദാശിവന്റെ നേതൃത്വത്തിൽ വിശദമായ ആലോചനകൾക്ക് ശേഷമാണ് പടനിലത്തിന്റെ തെക്ക് പടിഞ്ഞാറ് മൂലയിൽ ഒഴിഞ്ഞ ഭാഗത്ത് ഭജനസത്രം നിർമ്മിക്കാൻ തീരുമാനിച്ചത്. അന്ന് ഈ ഭാഗത്ത് മാലിന്യം കുന്നുകൂടിക്കിടക്കുകയായിരുന്നു. വിശ്വാസ പ്രകാരം ക്ഷേത പറമ്പുകളുടെ തെക്ക് പടിഞ്ഞാറ് ഭാഗം ശുദ്ധമായിരിക്കണം. പുറമ്പോക്ക് കൈയേറി, ഇവിടെ ഉണ്ടായിരുന്ന മരങ്ങൾ മുറിച്ചുകടത്തി തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം രംഗത്തെത്തി.
അടിസ്ഥാനരഹിതമായ പരാതികളെത്തുടർന്ന് പഞ്ചായത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് നിഷേധിച്ചു. ഇതോടെ വി. സദാശിവൻ, ഓച്ചിറ പടനിലം ക്ഷേത്ര ഭരണസമിതിക്ക് പതിച്ചുനൽകിയപ്പോഴുള്ള മഹസർ തിരഞ്ഞ് കണ്ടുപിടിച്ചു. മഹസറിൽ തെക്ക് പടിഞ്ഞാറ് മൂലയിൽ മരങ്ങളൊന്നുമില്ലെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഈ രേഖകളുമായി വി. സദാശിവൻ അന്നത്തെ റവന്യു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ സമീപിച്ചു. അദ്ദേഹം പ്രത്യേക യോഗം വിളിച്ച് രേഖകൾ പരിശോധിച്ച ശേഷം കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിൽ എതിർപ്പില്ലെന്ന് തദ്ദേശവകുപ്പിനെ അറിയിച്ചു. ഇതോടെ പഞ്ചായത്ത് നിർമ്മാണത്തിന് അനുമതി നൽകുകയായിരുന്നു.
തൊട്ടടുത്ത വിശ്ചികോത്സവത്തിന് മുൻപ് നിർമ്മാണം പൂർത്തിയാക്കണമെന്ന് വി. സദാശിവൻ മനസിലുറപ്പിച്ചു. അങ്ങനെ രണ്ട് കോടി ചെലവിൽ 101 മുറികളും ആറ് ഡോർമെറ്ററികളും സഹിതം അത്യാധുനിക സൗകര്യങ്ങളുള്ള ഭജനസത്രം ഒൻപത് മാസം കൊണ്ട് പൂർത്തിയാക്കി.
മഴയകന്നു, ഭയമൊഴിഞ്ഞു
ഭജനസത്രത്തിന്റെ സെപ്ടിക് ടാങ്കിന്റെ കോൺക്രീറ്റിംഗ് നിശ്ചയിരുന്നത് ഒരു വൈകുന്നേരത്താണ്. കോൺക്രീറ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതിന് പിന്നാലെ മാനം കറുത്തിരുണ്ടു.ഭീമൻ കുഴിയെടുത്താണ് സെപ്റ്റിക് ടാങ്ക് നിർമ്മിക്കുന്നത്. പടനിലത്ത് മഴ പെയ്താൽ വെള്ളം കുഴിയിലേക്ക് ഒഴുകിയെത്തും. ഇതോടെ മണ്ണിടിഞ്ഞ് തൊട്ടടുത്തുള്ള പുതിയ കെട്ടിടത്തിന്റെ അടിസ്ഥാനത്തെയും ബാധിക്കും. വി. സദാശിവൻ അടക്കമുള്ള ഭരണസമിതി അംഗങ്ങളും ഭക്തരും പ്രാർത്ഥനയിലമർന്നു. പരബ്രഹ്മത്തിൽ വിശ്വാസമർപ്പിച്ച സന്ധ്യയ്ക്ക് കോൺക്രീറ്റ് ആരംഭിച്ചു. ചുറ്റുപാടും മഴ പെയ്തെങ്കിലും തൊട്ടടുത്ത ദിവസം വരെ പടനിലത്ത് ഒരു തുള്ളി മഴ പോലും പെയ്തില്ല.
ഭജനസത്രത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമ്മാണം ഓർക്കുമ്പോൾ മനസിൽ ഭക്തി കൂടുതലായി നിറയും. ഞാനടക്കമുള്ളവർ പരബ്രഹ്മത്തിന്റെ ഉപകരണങ്ങളായി മാറുകയായിരുന്നു
വി. സദാശിവൻ