
കൊല്ലം: ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടിവിട്ട കടയ്ക്കൽ മുൻ മണ്ഡലം സെക്രട്ടറി ജെ.സി അനിലിനെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ ഇന്നലെ സി.പി.ഐ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. ജെ.സി. അനിൽ പ്രസിഡന്റായിരുന്ന തുടയന്നൂർ സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തിൽ ജില്ലാ കൗൺസിൽ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ജില്ലാ സമ്മേളനത്തിന് മൂന്ന് ദിവസം മുൻപ് കമ്മിഷൻ റിപ്പോർട്ട് അടിസ്ഥാനമാക്കി ജെ.സി. അനിലിനെ ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട് തടഞ്ഞു. എന്നാൽ, ജില്ലാ സമ്മേളനത്തിൽ ജെ.സി. അനിലിനെ പുതിയ ജില്ലാ കൗൺസിലിൽ ഉൾപ്പെടുത്തിയില്ല.