
പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സക്കിടെ യുവതി മരിച്ചതിനു പിന്നിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കുന്നിക്കോട് കോട്ടവട്ടം നിരപ്പിൽ നിരപ്പത്ത് വീട്ടിൽ ശ്രീഹരിയുടെ ഭാര്യ അശ്വതിയാണ് (34) മരിച്ചത്. പുനലൂരിലെ അൺഎയ്ഡഡ് സ്കൂൾ അദ്ധ്യാപികയാണ്.
വീടിന് സമീപത്തെ ട്യൂഷൻ സെന്ററിൽ തിങ്കളാഴ്ച ഉച്ചക്ക് കുട്ടികൾക്ക് ട്യൂഷൻ നൽകുന്നതിനിടെ
ഛർദ്ദിലും തലകറക്കവും അനുഭവപ്പെട്ടു യുവതി അവശയായി. തുടർന്ന് ബന്ധുക്കൾ ഉച്ചക്ക് രണ്ടോടെ താലൂക്ക് ആശുപത്രിയിലെ
അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. വൈകിട്ട് ആറരയോട് യുവതി മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളും മറ്റും ഐ.സി.യുവിനു മുന്നിൽ ബഹളമുണ്ടാക്കി. പുനലൂർ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
മൃതദേഹം ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. മകൻ: ശ്രീദേവ്.
യുവതിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മതിയായ ചികിത്സകൾ നൽകിയെന്ന് സൂപ്രണ്ട് സുനിൽ കുമാർ പറഞ്ഞു. തലച്ചോർ സംബന്ധമായ തകരാണോയെന്ന് കണ്ടുപിടിക്കാൻ സി.ടി സ്കാൻ ചെയ്തു. എന്നാൽ പൾസ് റേറ്റ് ഉൾപ്പെടെ പെട്ടെന്ന് കുറയുകയായിരുന്നു. രോഗം കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.