കൊട്ടാരക്കര: കൊട്ടാരക്കര വനിതാ സെൽ പരിസരം കാടുമൂടുന്നു. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലുള്ള കെട്ടിടത്തിലെ ദുരിതങ്ങൾക്കൊപ്പം ഇഴജന്തുക്കളുടെ ഭീഷണിയും. ഗവ.ഗേൾസ് ഹൈസ്കൂളും യു.ഐ.ടി സെന്ററും ബി.ആർ.സിയും നഴ്സിംഗ് കോളേജും പൊലീസ് സ്റ്റേഷനും എം.പി ഓഫീസുമുള്ള ഭാഗത്താണ് കാടിന് നടുവിൽ ഇപ്പോൾ വനിതാ സെൽ പ്രവർത്തിക്കുന്നത്. മറ്റുള്ളവർക്കുകൂടി ഇത് ബുദ്ധിമുട്ടായി മാറുകയുമാണ്.
മാലിന്യ മുക്ത നവകേരളം കാമ്പയിനടക്കം നാടിന്റെ പലഭാഗത്തും നടന്നുവരുമ്പോഴും ഇവിടെ കുറ്റിക്കാട് വെട്ടിവൃത്തിയാക്കാൻ പോലും അധികൃതർ ശ്രദ്ധിക്കുന്നില്ല.
കൊല്ലം റൂറൽ ജില്ലയിലെ ഏക വനിതാ സെൽ ആസ്ഥാനമാണ് കൊട്ടാരക്കരയിലുള്ളത്. അതുകൊണ്ടുതന്നെ ദിവസവും നിരവധിപ്പേരാണ് പരാതി നൽകാനും മറ്റ് ആവശ്യങ്ങൾക്കുമായി ഇവിടെയെത്തുക.
റോഡിലെത്തി ബോർഡ് കാണുമ്പോഴേ ഈ സർക്കാർ ഓഫീസിന്റെ ഗതികേട് മനസിലാകും.
ഉദ്യോഗസ്ഥർക്ക് മതിയായ സൗകര്യം ഒരുക്കാൻ അധികൃതർ താത്പര്യമെടുക്കുന്നില്ല.
2024 മേയ് മാസത്തിൽ വനിതാ സി.ഐ വിരമിച്ച ശേഷം പുതിയ നിയമനം നടത്തിയിട്ടുമില്ല.
പുതിയ കെട്ടിടം പൂർത്തിയായില്ല
2011ൽ ആണ് റൂറൽ വനിതാ സെൽ പ്രവർത്തനം തുടങ്ങിയത്.
മുൻപ് പൊലീസ് ക്വാർട്ടഴ്സ് പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടമാണ് വനിതാ സെൽ പ്രവർത്തിക്കാനായി അനുവദിച്ചത്.
പഴയ കെട്ടിടത്തിന് ഇടത്തും വലത്തുമൊക്കെ ചരിപ്പുകൾ നിർമ്മിച്ചാണ് അത്യാവശ്യം സൗകര്യമുണ്ടാക്കിയത്.
മഴ പെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ അസൗകര്യങ്ങളാണ് ഏറെയും.
ഇതേ കോമ്പൗണ്ടിലാണ് ഫാമിലി കൗൺസിലിംഗ് സെന്ററും പ്രവർത്തിക്കുന്നത്.
വനിതാ സെല്ലിനായി തൊട്ടടുത്തുതന്നെ പുതിയ കെട്ടിടം നിർമ്മിക്കാൻ തുടങ്ങിയിട്ടും നാളേറെയായി. ഇതിന്റെ നിർമ്മാണം പാതിവഴിയിലാണ്.