കൊല്ലം: കളക്ടറേറ്റ് ഭാഗത്തു നിന്നു ആനന്ദവല്ലീശ്വരം വഴി ആൽത്തറ മൂട് വരെ റോഡിൽ വലുതും ചെറുതുമായ നിരവധി കുഴികൾ നിറഞ്ഞിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല.
ആനന്ദവല്ലീശ്വരം, കാങ്കത്ത് മുക്ക്, വെള്ളയിട്ടമ്പലം, മേടയിൽമുക്ക്, രാമൻകുളങ്ങര,വള്ളിക്കീഴ്, പൂവൻപുഴ ക്ഷേത്രം എന്നിവിടങ്ങളിൽ റോഡിന്റെ വിവിധ ഭാഗങ്ങൾ തകർന്ന നിലയിലാണ്. തിരുവനന്തപുരം ഭാഗത്ത് നിന്ന് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനടുത്തുകൂടി ആലപ്പുഴ ഭാഗത്തേക്കും തിരികെയുമുള്ള വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ ജംഗ്ഷനാണ് വെള്ളയിട്ടമ്പലം. ഇവിടെ വ്യാപകമായി റോഡ് തകർന്ന് കുഴികൾ നിറഞ്ഞിരിക്കുന്നത്. ഈ ഭാഗങ്ങളിൽ കഴിഞ്ഞമാസം 5 വാഹനാപകടങ്ങളും ഈ മാസം കഴിഞ്ഞ 20 വരെ 10 ൽ കൂടുതൽ വാഹനാപകടങ്ങളുമാണ് ഉണ്ടായത്. കുഴികളിൽ ചാടാതെ വെട്ടിച്ച് മാറ്റുമ്പോഴാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. തകർന്ന റോഡിൽ നിന്ന് കല്ലുകളും മെറ്റിൽ കഷ്ണങ്ങളും ഇളകി പലഭാഗത്തായി ചിതറിക്കിടക്കുകയാണ്. ഇരുചക്ര വാഹനയാത്രക്കാർ കുഴിയിൽ നിയന്ത്രണം തെറ്റുന്നതും പതിവ്. സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെ എപ്പോഴും വാഹനത്തിരക്കുള്ള ഇവിടങ്ങളിൽ ആരുടെയെങ്കിലും ജീവൻ പൊലിയാനായി കാത്തിരിക്കുകയാണ് അധികൃതരെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അടയ്ക്കുന്തോറും പൊളിയുന്നു
കാങ്കത്ത് മുക്കിൽ കളക്ടറേറ്റ്- ആനന്ദവല്ലീശ്വരം ജംഗ്ഷനിൽ നിന്നു കാവനാട്ടേക്ക് പോകുന്ന ഭാഗം കുറച്ച് നാൾ മുൻപ് പൂർണമായും തകർന്ന നിലയിലായിരുന്നു. കുഴികളിൽ വീണ് വാഹനയാത്രികർ അപകടത്തിൽപ്പെടുന്നതിനെ തുടർന്ന് രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഇവിടത്തെ കുഴികൾ ബിറ്റുമിൻ കോൾഡ് മിക്സ് ഷെൽമാക് എന്നമിശ്രിതം ഉപയോഗിച്ച് മൂടി. പൂവൻപുഴയിലും കുഴി മൂടിയിരുന്നു. എന്നാൽ കുറച്ച് ദിവസം കഴിയുമ്പോൾ പഴയപടിയാകും. മഴ അല്പം പെയ്താൽ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കുളമാകും. ഈ ഭാഗങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും. പി.ഡബ്ല്യു.ഡി എൻ.എച്ചാണ് റോഡ് നവീകരണം നടത്തേണ്ടത്.
പ്രതിഷേധം ഉണ്ടായൽ ഉടനെ വന്ന് കുഴിയടക്കും. രണ്ടാഴ്ച കഴിയുമ്പോൾ വീണ്ടും പഴയെപോലെയാകും. കുഴി നിറഞ്ഞിട്ടും അധികൃതർ സ്വീകരിക്കുന്ന അനങ്ങാപ്പറ നയം അപകടങ്ങൾ ക്ഷണിച്ച് വരുത്തുകയാണ്. താത്കാലികമായ ആശ്വാസമല്ല, ശാശ്വതമായ പരിഹാരമാണ് ആവശ്യം
ബാബു, പ്രദേശവാസി
കുഴി മൂടുന്ന പ്രവർത്തനം പുരോഗമിക്കുകയാണ് - പി.ഡബ്ല്യു.ഡി എൻ.എച്ച് വിഭാഗം അധികൃതർ