കൊല്ലം: വിശ്വസാഹിത്യത്തെ ഏറെ ഹൃദ്യമായി തന്റെ പ്രിയ ശിഷ്യർക്കു പകർന്നുകൊടുത്ത അദ്ധ്യാപകനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച, കൊല്ലം എസ്.എൻ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ഡോ.എസ്. ശ്രീനിവാസൻ (84). ഓരോ ക്ലാസ് മുറികളും സർഗാത്മകമായ ഒരിടമാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന് സവിശേഷ കഴിവുണ്ടായിരുന്നു. പ്രോസപ്പോറസും കാലിബനും മെറ്റിൽഡയും ഏരിയലുമുൾപ്പെടെ ഇംഗ്ലീഷ് സാഹിത്യത്തിലെ കഥാപാത്രങ്ങളെല്ലാം ക്ലാസ് മുറിയിൽ പുനർജനിച്ചു.

ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും അത്യഗാധമായ അവഗാഹമുണ്ടായിരുന്ന അദ്ദേഹം മധുരമായി കവിത ചൊല്ലുമായിരുന്നു. സൗമ്യവും ലാളിത്യവുമുള്ള ജീവിതത്തിന് ഉടമയായിരുന്നു. അദ്ധ്യാപന ജീവിതത്തിൽനിന്ന് വിരമിച്ചതിനുശേഷം എഴുത്തിനും വായനയ്ക്കും വേണ്ടിയാണ് കൂടുതൽ സമയവും ചിലവഴിച്ചത്. ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (എ.കെ.ടി.സി.ടി.എ) സമരങ്ങൾക്ക് മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. അവസാന കാലങ്ങളിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് കൂടുതലായി ശ്രദ്ധ ചെലുത്തിയത്. ചിന്ത പബ്ളിക്കേഷനൻസിലൂടെ ഐൻസ്റ്റീന്റെ ജീവചരിത്രം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു

1940 ൽ കൊല്ലം തട്ടാമലയിൽ ജനിച്ച അദ്ദേഹം നിലവിൽ പട്ടത്താനത്താണ് താമസിക്കുന്നത്. കൊല്ലം എസ്.എൻ കോളേജിൽ നിന്ന് ബി.എ ബിരുദം നേടി. കോട്ടയം സി.എം.എസ് കോളേജിൽ നിന്നാണ് എം.എ ബിരുദം നേടുന്നത്. പിന്നീട് കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. 1962 ൽ കൊല്ലം എസ്.എൻ കോളേജിലാണ് അദ്ധ്യാപന ജീവിതം ആരംഭിച്ചത്. തുടർന്ന് വിവിധ കോളേജുകളിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം 1996 ൽ എസ്.എൻ കോളേജിലെ ഇംഗ്ളീഷ് വിഭാഗം മേധാവിയായാണ് വിരമിക്കുന്നത്. 1999 ൽ മികച്ച വിവർത്തനത്തിനുള്ള അയ്യപ്പ പണിക്കർ പുരസ്കാരവും 2013ൽ കേരള സാഹിത്യ അക്കാഡമി പുരസ്കാരവും ലഭിച്ചു. 1986 ൽ കൊല്ലം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച യു.ജി.സി അംഗീകരമുള്ള ഇംഗ്ലീഷ് സാഹിത്യ മാസിക ജേണൽ ഒഫ് ലിറ്ററേച്ചർ ആൻഡ് എസ്തെറ്റിക്സ് (ജെ.എൽ.എ) സ്ഥാപക എഡിറ്ററായി. വിവിധ എസ്.എൻ കോളേജുകളിൽ ഇംഗ്ലീഷ് മേധാവിയായും പരീക്ഷാ ബോർഡ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആയിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിലിരിക്കെ.തിങ്കളാഴ്ച രാത്രി 8 മണിയോടെ സിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാകാരം നാളെ രാവിലെ 11 ന് പോളയത്തോട് വിശ്രാന്തിയിൽ.