കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ കടമ്പകളുടെ ഭാഗമായുള്ള സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ജില്ലാ പഞ്ചായത്ത് നെടുവത്തൂർ ഡിവിഷനിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് ചൂടുപിടിച്ചു. എഴുകോൺ, പവിത്രേശ്വരം, നെടുവത്തൂർ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് നെടുവത്തൂർ ഡിവിഷൻ. നിലവിൽ സി.പി.എമ്മിലെ ജില്ലാ കമ്മിറ്റി അംഗമായ വി.സുമാലാലാണ് ഇവിടെ നിന്നുമുള്ള ജില്ലാ പഞ്ചായത്തംഗം. രണ്ടര വർഷക്കാലം വൈസ് പ്രസിഡന്റുമായിരുന്നു. കഴിഞ്ഞ ടേമിൽ വനിതാ സംവരണമായിരുന്നതിനാൽ വി.സുമാലാലും കോൺഗ്രസിലെ ജയശ്രീ.എസ്.പിള്ളയും ബി.ജെ.പിയിലെ ദീപ അനിലുമാണ് ഏറ്റുമുട്ടിയത്. വലിയ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാർത്ഥി വിജയിച്ചത്. ഇക്കുറി നറുക്കെടുപ്പിൽ സംവരണ വാർഡുകളിൽ ഡിവിഷൻ ഉൾപ്പെട്ടില്ല. അതുകൊണ്ടുതന്നെയാണ് ജനറൽ മണ്ഡലത്തിൽ വലിയ രാഷ്ട്രീയ പോരാട്ടത്തിന് കളമൊരുങ്ങുക. ശക്തമായ ഇടത് അടിത്തറയുള്ള ഡിവിഷനാണ് നെടുവത്തൂർ. എന്നാൽ നെടുവത്തൂർ, എഴുകോൺ പഞ്ചായത്ത് ഭരണം ഇടത് മുന്നണിക്ക് കഴിഞ്ഞ തവണ ലഭിച്ചില്ല. പവിത്രേശ്വരം പഞ്ചായത്തിലും കഷ്ടിച്ച് നറുക്കെടുപ്പിലൂടെ ഭരണം ലഭിച്ചതാണ്. ആ നിലയിൽ വ്യക്തമായ രാഷ്ട്രീയ മേൽക്കോയ്മ ഒരു മുന്നണിക്കും അവകാശപ്പെടാനും ഇപ്പോൾ കഴിയുന്നില്ല.
സ്ഥാനാർത്ഥികൾ
- ഇടത് മുന്നണിയിൽ സി.പി.എമ്മിന്റെ സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നത്.
- സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.ആർ.അരുൺ ബാബൂവും വി.സുമാലാലുമാണ് പ്രധാന പരിഗണനയിൽ ഉള്ളത്.
- ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ കൂടിയായ അരുൺ ബാബുവിനെ അടുത്തിടെ യുവജനക്ഷേമ ബോർഡ് മെമ്പറുമാക്കിയിരുന്നു.
- സുമാലാൽ മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയും നിലവിലെ ജില്ലാ പഞ്ചായത്തംഗവുമാണ്.
- ആക്ഷേപങ്ങളില്ലാതെ അഞ്ച് വർഷവും ഡിവിഷനെ നയിച്ചതും വികസന പ്രവർത്തനങ്ങളുമെല്ലാം ഇവർക്കും അനുകൂല ഘടകങ്ങളാണ്.
- എസ്.എഫ്.ഐ സംസ്ഥാന നേതാവ് ആർ.ഗോപീകൃഷ്ണനടക്കമുള്ളവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്.
- യു.ഡി.എഫിൽ കോൺഗ്രസിനാണ് സീറ്റ് ലഭിക്കുന്നത്.
- കോൺഗ്രസ് മുൻ ബ്ളോക്ക് പ്രസിഡന്റും ഡി.സി.സി എക്സി.അംഗവുമായ കെ.മധുലാൽ, എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം, മുൻ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ എന്നിവരുടെ പേരുകളാണ് പരിഗണനാ പട്ടികയിൽ.
- മുൻ ഡി.സി.സി പ്രസിഡന്റ് വി.സത്യശീലന്റെ മകനും കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ്(ഐ.എൻ.ടി.യു.സി) ജനറൽ സെക്രട്ടറിയുമായ കോൺഗ്രസ് നേതാവ് സവിൻ സത്യന്റെ പേരിനും മുൻതൂക്കമുണ്ട്.
- എൻ.ഡി.എയിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയാണ് ഉണ്ടാവുക.
- ജില്ലാ വൈസ് പ്രസിഡന്റ് ബൈജു ചെറുപൊയ്ക, മണ്ഡലം പ്രസിഡന്റ് എഴുകോൺ ശ്രീനിവാസൻ, മണ്ഡലം ജനറൽ സെക്രട്ടറി പുത്തൂർ രാജേഷ് എന്നിവരുടെ പേരുകളാണ് പരിഗണനാ പട്ടികയിൽ ഉള്ളത്.