ചവറ: ചവറയുടെ വിവിധ മേഖലകളിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത് ഇവിടെ പതിവായിരിക്കുകയാണ്. ഇരുചക്ര വാഹനക്കാർക്ക് തെരുവ് നായ്ക്കൾ മരണക്കെണിയാണ് ഒരുക്കുന്നത്. നായ്ക്കൾ കുറുകെ ചാടി ഉണ്ടാകുന്ന അപകടങ്ങൾ ചെറുതല്ല. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് തിരികെ തെരുവിൽ വിടാനുള്ള പദ്ധതി പാളിയതോടെയാണ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത്. മാർക്കറ്റുകൾ, മാലിന്യം നിറയുന്ന പാതയോരങ്ങൾ, ഒഴിഞ്ഞ പുരയിടങ്ങൾ എന്നിവിടങ്ങളിലാണ് നായ ശല്യം ഏറെ രൂക്ഷമായിട്ടുള്ളത് .
മാലിന്യക്കൂനയും അതിർത്തി കടത്തിയുള്ള തള്ളലും
അതിർത്തി കടത്തി വാഹനങ്ങളിൽ നായ്ക്കളെ കൊണ്ടുവന്ന് ആളുകൾ കുറഞ്ഞ പ്രദേശങ്ങളിൽ ഇറക്കി വിടുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. മറ്റ് പ്രദേശങ്ങളിൽ നിന്നും നായ്ക്കളെ പിടിച്ച് വാഹനങ്ങളിൽ തേവലക്കര പടിഞ്ഞാറ്റേക്കര പ്രദേശങ്ങളിൽ ഉപേക്ഷിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
റോഡിൽ മാലിന്യം നിറയുന്നതാണ് തെരുവ് നായ്ക്കൾക്ക് ചാകരയാകുന്നത്. അറവുശാല മാലിന്യം ഉൾപ്രദേശങ്ങളിലെ റോഡു വക്കിൽ തള്ളുന്നുണ്ട്. ഇത്തരം സ്ഥലം കേന്ദ്രീകരിച്ചാണ് നായ്ക്കളെ വാഹനത്തിൽ ഇറക്കിവിടുന്നതെന്നും ആരോപണമുണ്ട്.
തെരുവ് നായ ശല്യം നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.
നാട്ടുകാർ