കൊല്ലം: സംസ്ഥാന സർക്കാരിന്റെ ബാഡ്ജ് ഒഫ് എക്‌സലൻസ് പുരസ്കാരത്തിന് ജില്ലയിൽ നിന്ന് അഞ്ച് ഉദ്യോഗസ്ഥർ അർഹരായി.

കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ എസ്.എസ്.ഷിജു, എക്സൈസ് ഇൻസ്‌പെക്ടർ സി.പിദിലീപ്, പ്രിവന്റീവ് ഓഫീസർ ജെ.ആർ.പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബി.എസ്.അജിത്ത്, എം.ആർ.അനീഷ് എന്നിവരാണ് പുരസ്കാരത്തിന് അർഹമായത്. ലഹരി വിരുദ്ധപ്രവർത്തനങ്ങളിലെ മികവ് വിലയിരുത്തിയാണ് അവാർഡ്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മേജർ മയക്കുമരുന്ന് കേസുകൾ കണ്ടെടുത്തത് കൊല്ലം സ്പെഷ്യൽ സ്‌ക്വാഡാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 250 കിലോയിലധികം കഞ്ചാവും അര കിലോയിലധികം എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ, മയക്കുമരുന്ന് ഗുളികകൾ, ഹെറോയിൻ എന്നിവ കണ്ടെടുത്തിരുന്നു. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എം.നൗഷാദ്, അസി. എക്സൈസ് കമ്മീഷണർ ആ‌ർ.മനോജ്‌ എന്നിവരുടെ നേതൃത്വത്തിലാണ് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഇത്രയധികം കേസുകൾ കണ്ടെടുത്തത്.