കരുനാഗപ്പള്ളി: സ്നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും മൂല്യങ്ങൾ കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ കരുനാഗപ്പള്ളി കനോസ കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾ 'വിശപ്പ് രഹിത പുതിയകാവ്' വാട്ട്സ്ആപ്പ് കൂട്ടായ്മയുമായി ചേർന്ന് തെരുവോരങ്ങളിൽ അലയുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ വീടുകളിൽ നിന്നും ശേഖരിച്ച ഭക്ഷണപ്പൊതികളാണ് കൂട്ടായ്മ വഴി വിതരണം ചെയ്തത്. മാനുഷിക മൂല്യമുള്ള കുഞ്ഞുങ്ങളെ വാർത്തെടുക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ പിന്നിലെ ലക്ഷ്യം. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി കുര്യാക്കോസ്, സിസ്റ്റർ ഷീബ, സ്റ്റാഫ് സെക്രട്ടറി ലിജി തോമസ്, അദ്ധ്യാപകരായ ഗ്ലെന്നീസ്, മിനിമോൾ, ജ്യോത്സന, ഷീന, പ്രീന, ആശ എന്നിവരുടെയും ജെ.ആർ.സി. കുട്ടികളുടെയും സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിൽ വെച്ച് ഭക്ഷണപ്പൊതികൾ 'വിശപ്പ് രഹിത പുതിയകാവ്' കൂട്ടായ്മയുടെ മുഖ്യ സംഘാടകനായ അനി കാട്ടുമ്പുറത്തിനും ഗോപാലനും കൈമാറി. കൂട്ടായ്മയിലെ പ്രവർത്തകരായ സുരേഷ് ഉത്രാടം, ഗീതാലക്ഷ്മി ഉത്രാടം, സുധീർ കാട്ടിത്തറ, നിസാം കൊച്ചയം, ഷിബു നീലികുളം, അരുൺ രാജ്, ജയശ്രീ സുരേഷ്, മഞ്ജു ക്ലാപ്പന, ജാസ്മി ഷമീർ, സിമി മൻസൂർ, ശ്രീതാദാസ് എന്നിവരും പങ്കാളികളായി.