കൊല്ലം: കെ.പി.സി.സി ജനറൽ സെക്രട്ടറി പട്ടികയിൽ ജില്ലയിൽ നിന്ന് ഈഴവ വിഭാഗത്തിലെ ഒരാളെപ്പോലും പരിഗണിക്കാത്തതിൽ കോൺഗ്രസിനുള്ളിൽ പ്രതിഷേധം. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ആറുപേരിൽ രണ്ട് പേർ മുസ്ലീമാണ്. മറ്റ് രണ്ട് പേർ ക്രിസ്ത്യൻ വിഭാഗക്കാരും ഒരു നായർ സമുദായാംഗവും ഒരാൾ പട്ടികജാതി വിഭാഗക്കാരനുമാണ്.
ജാതിമത സമവാക്യങ്ങൾ കൂടി പരിഗണിച്ചാണ് കെ.പി.സി.സി ജനറൽ സെക്രട്ടറി പട്ടിക തയ്യാറാക്കിയതെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. ജില്ലയിലെ ജനസംഖ്യയുടെ വലിയൊരുഭാഗവും കോൺഗ്രസ് പ്രവർത്തകരിൽ പകുതിയോളവും ഈഴവരാണ്. എന്നാൽ പാർട്ടി പദവികളിൽ സമീപകാലത്തായി ഈഴവരെ കൂട്ടത്തോടെ തഴയുന്നുവെന്നാണ് പ്രതിഷേധക്കാരുടെ വാദം. വർക്കിംഗ് പ്രസിഡന്റായ പി.സി.വിഷ്ണുനാഥ് എം.എൽ.എയെക്കൂടി ചേർക്കുമ്പോൾ ജില്ലയിൽ നിന്ന് കെ.പി.സി.സി ഭാരവാഹികളായ നായർ സമുദായക്കാർ രണ്ടാകും. 13 വൈസ് പ്രസിഡന്റുമാരെ നിശ്ചയിച്ചിട്ടും ജില്ലയിൽ നിന്നുള്ള ഒരു ഈഴവ നേതാവിനെ പരിഗണിച്ചില്ല. ബിന്ദുകൃഷ്ണ രാഷ്ട്രീയകാര്യ സമിതി അംഗമാണെങ്കിലും ഭാരവാഹിത്വ പദവിയില്ല. നിലവിലെ ഡി.സി.സി പ്രസിഡന്റ് ഈഴവ സമുദായാംഗമാണ്. അത് തട്ടിയെടുക്കാനും മുന്നാക്ക, ന്യൂനപക്ഷ വിഭാഗക്കാർ ശക്തമായ ചരടുവലികൾ നടത്തുകയാണ്.
കെ.പി.സി.സി ജനറൽ സെക്രട്ടറി പട്ടിക വിപുലീകരിച്ച് ജില്ലയിൽ നിന്ന് അർഹരായ നേതാക്കളെ ഉൾപ്പെടുത്തണമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇതിന് പുറമേ കെ.പി.സി.സി സെക്രട്ടറി പട്ടികയിലും ഈഴവ വിഭാഗത്തൽ നിന്നുള്ളവർക്ക് അർഹമായ പ്രാതിനിദ്ധ്യം നൽകണമെന്നും ആവശ്യമുയരുന്നു. ഈഴവരെ കോൺഗ്രസ് തഴയുന്നത് തദ്ദേശ തിരഞ്ഞെടുപ്പിൽ മറ്റ് പാർട്ടികൾ ചർച്ചയാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പുതിയതായി പ്രഖ്യാപിച്ച കെ.പി.സി.സി ഭാരവാഹി പട്ടികയിൽ പത്ത് ശതമാനം പോലും ഈഴവ പ്രാതിനിദ്ധ്യമില്ലെന്നും വിമർശനമുണ്ട്.