പുനലൂർ: അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ ചെങ്കോട്ട-പുനലൂർ-കൊല്ലം റെയിൽവേ പാതയോട് മധുര ഡിവിഷൻ കാണിക്കുന്ന അനാസ്ഥ തുടരുകയാണ്. ഇതിന്റെ ഭാഗമായി തെന്മല റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമുകളുടെ ഉയരം വർദ്ധിപ്പിക്കുവാൻ വേണ്ടി ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചു.
പ്ലാറ്റ്‌ഫോമുകൾ ചെളിക്കൂമ്പാരം
മഴക്കാലമായതോടെ പ്ലാറ്റ്‌ഫോമുകൾ ചെളിക്കൂമ്പാരമായി മാറിയതിനാൽ യാത്രക്കാർക്ക് നടക്കുവാനോ ട്രെയിനിൽ കയറുവാനോ ഇറങ്ങുവാനോ സാധിക്കാത്ത അവസ്ഥയാണ്. പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടുന്നതിനുള്ള ടെൻഡർ വിളിക്കാൻ പോലും മധുര ഡിവിഷൻ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് ഉയരം വർദ്ധിപ്പിക്കാനുള്ള ജോലികൾ തെന്മലയിൽ പാതിവഴിയിൽ നിറുത്തിയിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ അലംഭാവം
റെയിൽവേയുടെ എൻജിനീയറിംഗ് വിഭാഗത്തിന് കീഴിലുള്ള വർക്ക്സ് വിഭാഗം ഓഫീസ് ചെങ്കോട്ടയിലാണ് പ്രവർത്തിക്കുന്നത്. ചെങ്കോട്ടയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കൃത്യ സമയത്ത് റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്താത്തതാണ് ജോലികൾ മുടങ്ങാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വർക്ക്സ് വിഭാഗത്തിന്റെ സീനിയർ സെക്ഷൻ എൻജിനീയറുടെ ഓഫീസ് പുനലൂർ ആസ്ഥാനമായി സ്ഥാപിക്കണം എന്ന വർഷങ്ങളായുള്ള ആവശ്യത്തിൽ റെയിൽവേ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല.
ചെളി നിറഞ്ഞു കിടക്കുന്ന തെന്മല റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ യാത്രക്കാർക്ക് ട്രെയിനിൽ കയറാനും ഇറങ്ങാനുമുള്ള ഏറ്റവും കുറഞ്ഞ സൗകര്യമെങ്കിലും ഉടൻ ഒരുക്കണം. ഈ വിഷയത്തിൽ ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണം.
യാത്രക്കാർ