കുന്നത്തൂർ: പ്രധാന തസ്തികകളിൽ ഉൾപ്പെടെ ജീവനക്കാർ ഇല്ലാതായതോടെ കുന്നത്തൂർ ജോയിന്റ് ആർ.ടി. ഓഫീസിന്റെ പ്രവർത്തനം പൂർണ്ണമായും അവതാളത്തിലായി. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഫയൽ നീക്കങ്ങൾ, ടെസ്റ്റുകൾ, വാഹന പരിശോധനകൾ എന്നിവ മന്ദഗതിയിലാണ്.
ആർ.ടി.ഒ തസ്തിക ഒഴിഞ്ഞിട്ട് രണ്ട് മാസം
ജോയിന്റ് ആർ.ടി.ഒ സ്ഥലം മാറിപ്പോയിട്ട് രണ്ടുമാസം പിന്നിട്ടിട്ടും പകരം നിയമനം നടന്നിട്ടില്ല. നിലവിൽ കരുനാഗപ്പള്ളി ജെ.ആർ.ടി.ഒയ്ക്കാണ് കുന്നത്തൂരിന്റെ അധിക ചുമതല നൽകിയിട്ടുള്ളത്. എന്നാൽ അദ്ദേഹം വല്ലപ്പോഴും മാത്രമാണ് ഇവിടെ എത്തുന്നത്. ഇത് ഫയൽ വർക്കുകൾ പോലും കാര്യക്ഷമമായി നടക്കുന്നില്ലെന്ന പരാതിയുണ്ട്.
എം.വി.ഐയെ സ്ഥലം മാറ്റി
ഓഫീസിലെ രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരിൽ (എം.വി.ഐ) ഒരാളെ എം.എൽ.എ നേരിട്ട് ഇടപെട്ട് ആഴ്ചകൾക്ക് മുൻപ് കൊല്ലത്തേക്ക് സ്ഥലം മാറ്റിയതും പ്രതിസന്ധി രൂക്ഷമാക്കി. ഭരണിക്കാവിലെ ബസ് സ്റ്റാൻഡിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ നിർദ്ദേശപ്രകാരം നടപടിയെടുത്ത ഉദ്യോഗസ്ഥനെയാണ്, ചിലരുടെ പരാതിയെ തുടർന്ന് വകുപ്പ് മന്ത്രിക്ക് പരാതി നൽകി സ്ഥലം മാറ്റിച്ചത്. ആകെയുള്ള ഒരു എം.വി.ഐയെ കൊണ്ട് മുഴുവൻ കാര്യങ്ങളും കാര്യക്ഷമമായി കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
സേവനങ്ങൾ മുടങ്ങി
ആർ.ടി.ഒ നേരിട്ട് നടത്തേണ്ടുന്ന ഹെവി ഡ്രൈവിംഗ് ടെസ്റ്റ് പൂർണമായും മുടങ്ങിയിരിക്കുകയാണ്. ഡ്രൈവിംഗ് ടെസ്റ്റുകളും വാഹന പരിശോധനകളും മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. ലൈസൻസ് പുതുക്കൽ, വാഹനങ്ങളുടെ ആർ.സി ബുക്ക് സംബന്ധമായ കാര്യങ്ങൾ എന്നിവയും യഥാസമയം നടക്കുന്നില്ല. താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ അടിയന്തര ഘട്ടങ്ങളിൽ പോലും ഓടിയെത്താൻ ജീവനക്കാരില്ലാത്ത അവസ്ഥയാണ്.