കടയ്ക്കൽ : വൈകിട്ട് 6 മണി. തിരുവനന്തപുരം-തെങ്കാശി പാതയിലെ മടത്തറ കവലയിൽ എത്തിയപ്പോഴേക്കും, പാലോട് ഭാഗത്തേക്ക് പോകേണ്ട ലക്ഷ്മി പരിഭ്രാന്തിയിലായി. അവസാനത്തെ ബസും യാത്ര അവസാനിപ്പിച്ച് മടങ്ങിയെന്ന് ആരോ വിളിച്ചു പറയുന്നു. രണ്ടു വർഷമായി കത്താത്ത ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടിൽ ഇരുട്ടത്ത് ഓട്ടോ കാത്ത് നിൽക്കുമ്പോൾ തൊട്ടപ്പുറത്ത്, പ്രവർത്തനരഹിതമായ മാർക്കറ്റ് കെട്ടിടത്തിൽ നിന്ന് മദ്യപസംഘത്തിന്റെ ആരവം കേൾക്കാം. മാലിന്യം നിറഞ്ഞ ബസ് സ്റ്റാൻഡിൽ നിന്നുള്ള ദുർഗന്ധമോ സഹിക്കാവുന്നതിലും അപ്പുറം. രണ്ട് എം.പിമാരും ഒരു മന്ത്രിയും ഉൾപ്പെടെ ഇത്രയധികം ജനപ്രതിനിധികൾ ഉണ്ടായിട്ടും മടത്തറയുടെ അവസ്ഥ ഇത്രത്തോളം ദയനീയമായതിൽ ഓരോ മടത്തറക്കാരും ആശങ്കയിലാകുന്നു.
രാത്രിയിലെ യാത്രാ ദുരിതം
മടത്തറ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് രണ്ട് വർഷമായി അപകടാവസ്ഥയിൽ കത്താതെ കിടക്കുന്നതിനാൽ സന്ധ്യയായാൽ കവല ഇരുട്ടിലാകും. വൈകിട്ട് 5 മണി കഴിഞ്ഞാൽ സ്വകാര്യ ബസുകൾ മടത്തറയിൽ യാത്ര അവസാനിപ്പിക്കുന്നത് പാലോട് ഭാഗത്തേക്കുള്ള യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
"ജനപ്രതിനിധി ഘോഷയാത്ര"
തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തിയിലും ആറ്റിങ്ങൽ, കൊല്ലം ലോക്‌സഭാ മണ്ഡലങ്ങളിലും, വാമനപുരം, ചടയമംഗലം നിയമസഭാ മണ്ഡലങ്ങളിലും ചിതറ, പെരിങ്ങമ്മല പഞ്ചായത്തുകളിലുമായി വ്യാപിച്ചുകിടക്കുന്ന ഈ കവലയെ പ്രതിനിധീകരിക്കാൻ രണ്ട് എം.പിമാർ, ഒരു എം.എൽ.എ, ഒരു മന്ത്രി, രണ്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, രണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, മൂന്ന് പഞ്ചായത്ത് അംഗങ്ങൾ എന്നിങ്ങനെ വലിയൊരു നിര തന്നെയുണ്ട്. എന്നാൽ ഈ "ജനപ്രതിനിധി ഘോഷയാത്ര" മടത്തറയുടെ വികസന കാര്യത്തിൽ യാതൊരു ചലനവും ഉണ്ടാക്കിയിട്ടില്ല.
മടത്തറ തോട് നാശത്തിൽ
പ്രദേശവാസികളുടെ പ്രധാന ജലസ്രോതസായ മടത്തറ തോട് ഇന്ന് നാശത്തിന്റെ വക്കിലാണ്. വ്യാപകമായ തോടുകൈയ്യേറ്റം ജലപ്രവാഹത്തെ തടസപ്പെടുത്തുന്നു. ഇതിലും ഗുരുതരമായി, പല വീടുകളിൽ നിന്നും കടകളിൽ നിന്നും സെപ്റ്റിക് ടാങ്കുകളുടെ പൈപ്പുകൾ നേരിട്ട് തോട്ടിലേക്കും ഓടകളിലേക്കും തുറന്നിട്ടിരിക്കുന്നത് തോട്ടിലെ വെള്ളത്തെ പൂർണമായും ഉപയോഗശൂന്യമാക്കുന്നു.
പ്രവർത്തനരഹിതമായ പൊതുഇടങ്ങൾ
മടത്തറയിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി. അതുപോലെതന്നെ ബസ് സ്റ്റാൻഡിലേക്ക് കയറുന്ന റോഡ് തകർന്ന നിലയിലാണ്. അടിയന്തര പരിഹാരം കാണണം.
മടത്തറ ശ്യാം
(പൊതുപ്രവർത്തകൻ)
ബസ് സ്റ്റാൻഡിൽ മാലിന്യങ്ങൾ കുന്നുകൂടികിടക്കുന്നു. കെട്ടിടം ചോർന്നൊലിക്കുന്നു. വൃത്തിഹീനമായ ബാത്ത് റൂം. ഇതിനൊക്കെ മാറ്റം വരണം.
ഡി.സ്റ്റാലിൽ
പൊതുപ്രവർത്തകൻ
ബസ് സ്റ്റാൻഡിൽ ഉള്ള കാട് ഓണത്തിന് വെട്ടിമാറ്റിയതാണ് . ബസ് സ്റ്റാൻഡിലേയ്ക്കുള്ള റോഡിനായി 12 ലക്ഷത്തിന്റെ പദ്ധതി വച്ചിട്ടുണ്ട്. ടെൻഡർ ആയില്ല, വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ മാറ്റിയാലേ പണി തുടങ്ങാൻ കഴിയൂ.
മടത്തറ അനിൽ
ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്