photo
അഞ്ചൽ ആ‌‌‌ർ.ഒ. ജംഗ്ഷനിൽ ആയൂർ ഭാഗത്തേയ്ക്കുളള ബസ് സ്റ്റോപ്പിലെ വെള്ളക്കെട്ട്

അഞ്ചൽ: "ഇത് ബസ് സ്റ്റോപ്പാണോ അതോ നീന്തൽക്കുളമാണോ?" – മഴ പെയ്താൽ ആർ.ഒ. ജംഗ്ഷനിൽ എത്തുന്ന ആരും ഇത് ചോദിച്ച് പോകും. ചെറിയ മഴയ്ക്ക് പോലും ജംഗ്ഷനിൽ മുട്ടൊപ്പം വെള്ളം കെട്ടിക്കിടക്കുന്നത് കാരണം യാത്രക്കാർ പൊറുതിമുട്ടിയിരിക്കുകയാണ്. ഏറ്റവും ദയനീയമായ കാഴ്ച ആയൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലാണ്. നൂറ് കോടിയിലേറെ രൂപ ചെലവഴിച്ചുണ്ടാക്കിയ ഹൈവേയുടെ നിർമ്മാണം നാട്ടുകാർക്ക് സമ്മാനിച്ചത് ദുരിതം മാത്രമാണ്. യാത്രക്കാർക്ക് ബസിൽ കയറാനും ഇറങ്ങാനും ഈ വെള്ളക്കെട്ടിലൂടെ ഊളിയിടേണ്ട അവസ്ഥയാണ്. ഇത്തരത്തിൽ വെള്ളക്കെട്ടിൽ വീണ് പല യാത്രക്കാർക്കും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഓടകളില്ലാത്തത് പ്രധാന പ്രശ്നം

ആയൂർ-അഞ്ചൽ-അഗസ്ത്യക്കോട് ഹൈവേയുടെ ഭാഗമായി കിഫ്ബിയുടെ അധീനതയിൽ നിർമ്മിച്ചതാണ് ഈ റോഡ്. എന്നാൽ, റോഡ് നിർമ്മാണം പൂർത്തിയാക്കിയപ്പോഴും വെള്ളം ഒഴുകിപ്പോകുന്നതിന് ഓടകൾ നിർമ്മിക്കാത്തതാണ് പ്രധാന പ്രശ്നം. പഴയ ഓടകൾ നികത്തുകയും ചെയ്തതോടെ മഴവെള്ളം കെട്ടിക്കിടക്കുകയാണ്. പ്രത്യേകിച്ചും ആർ.ഒ. ജംഗ്ഷനിൽ ആയൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റാൻഡിൽ സദാസമയവും വെള്ളക്കെട്ട് നിലനിൽക്കുന്നു.

അധികൃതരുടെ അലംഭാവം, പരാതികൾ വ്യാപകം

റോഡ് നിർമ്മാണസമയത്തുതന്നെ ഓടകൾ നിർമ്മിക്കാത്തതിനെക്കുറിച്ച് നാട്ടുകാർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, കിഫ്ബി അധികൃതർ ഈ വിഷയത്തിൽ നിസംഗത പുലർത്തുകയാണ് ചെയ്തതെന്നാണ് ആക്ഷേപം. ഓടയുടെ കാര്യത്തിൽ കിഫ്ബി അധികൃതരും രാഷ്ട്രീയ പാർട്ടികളും കരാറുകാരനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. റോഡ് പണി പൂർത്തിയാക്കി കരാറുകാരൻ ബില്ല് മാറിപ്പോയെങ്കിലും, നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പല സ്ഥലങ്ങളിലും പണി പൂർത്തീകരിച്ചിട്ടില്ലെന്നും പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ദിനംപ്രതി ഉയരുന്നത്.

മഴ മാറിയാൽ പോലും അഞ്ചൽ ടൗണിൽ കാലുകുത്താൻ കഴിയാത്ത സ്ഥിതിയാണ്.

റോഡു ഉയർന്ന നിലവാരത്തിൽ പണികഴിപ്പിച്ചെങ്കിലും ആവശ്യമായ സ്ഥലങ്ങളിൽ ഓട നിർമ്മിച്ചിട്ടില്ല
കിഫ്ബിയുടെ എൻജിനിയർമാർ ആണ് ഈ കാര്യത്തിൽ കൃത്യവിലോപനം കാട്ടിയിട്ടുള്ളത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകണം.
വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.
എസ്. ഉമേഷ് ബാബു
ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്