 നടപടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റേത്

കൊല്ലം: യു.ഡി.എഫിൽ നിന്ന് കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്ന വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് റജീന തോമസ്, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീകല എന്നിവരെ സംസ്ഥാന തിര‌ഞ്ഞെടുപ്പ് കമ്മിഷൻ ആയോഗ്യരാക്കി. യു.ഡി.എഫിന്റെ പരാതിയിലാണ് കമ്മിഷന്റെ നടപടി.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വിളക്കുടി പഞ്ചായത്തിലെ 20 അംഗ ഭരണസമിതിയിൽ യു.ഡി.എഫ് 10 എൽ.ഡി.എഫ് 9, ബി.ജെ.പി 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതുപ്രകാരം കോൺഗ്രസ് അംഗങ്ങളായ അബദിയ നാസറുദീൻ പ്രസിഡന്റായും ഷാഹുൽ കുന്നിക്കോട് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വർഷത്തിന് ശേഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മറ്റ് രണ്ടുപേരെ കൊണ്ടുവരാനും ധാരണയായിരുന്നു. ഇതുപ്രകാരം 2023 ഡിസംബറിൽ കോൺഗ്രസ് അംഗം ആശ ബിജുവിനെ പ്രസിഡന്റും ആർ.അജയകുമാറിനെ വൈസ് പ്രസിഡന്റുമാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഇതിൽ പ്രതിഷേധിച്ച് റജീന തോമസും ശ്രീകലയും എൽ.ഡി.എഫിനൊപ്പം ചേരുകയായിരുന്നു.

കൂറുമാറിയെത്തിയ ശ്രീകലയെ ആദ്യം പ്രസിഡന്റും റജീന തോമസ് വികസന സ്ഥിരസമിതി അദ്ധ്യക്ഷയുമായി. ഒരുവർഷത്തിന് ശേഷം എൽ.ഡി.എഫിലെ ധാരണ പ്രകാരം റജീന തോമസ് പ്രസിഡന്റും ശ്രീകല വികസന സ്ഥിരം സമിതി അദ്ധ്യക്ഷയായും തിരഞ്ഞെടുക്കപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു.