തൊടിയൂർ : തൊടിയൂർ പഞ്ചായത്തിലെ കാട്ടിൽ കുളത്തിന്റെ കരയിലൂടെ നടക്കുമ്പോൾ, എൺപത് കഴിഞ്ഞ ഗോപാലൻ അടുത്ത തലമുറയോട് പറഞ്ഞു: "ഇതിലെ തെളിഞ്ഞ വെള്ളം കണ്ടാണ് ഞങ്ങളുടെ തലമുറ വളർന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കുളം ഉണ്ടാക്കിയതാരെന്നോ ഇതിന്റെ പ്രായമെന്തെന്നോ ഒരു ചരിത്ര പുസ്തകത്തിലുമില്ല." മാലിന്യക്കൂമ്പാരമായി മാറിയിരുന്ന ഈ പൈതൃക ജലാശയം ഇപ്പോൾ 17 ലക്ഷം രൂപ ചെലവഴിച്ച് സംരക്ഷിച്ചിരിക്കുന്നു. എന്നാൽ, അതിന്റെ പഴമ ഇന്നും ചോദ്യചിഹ്നമായി തുടരുകയാണ്.
ചരിത്രം അജ്ഞാതം
തൊടിയൂർ പഞ്ചായത്തിലെ 22-ാം വാർഡിൽ മാരാരിത്തോട്ടം മിടുക്കൻമുക്ക് - ചാമ്പക്കടവ് റോഡരികിലാണ് കാട്ടിൽ കുളം സ്ഥിതിചെയ്യുന്നത്. കുടിവെള്ളത്തിനായി നിർമ്മിക്കപ്പെട്ട ഈ കുളം 1950 വരെ കുളിക്കുന്നതിനും തുണി അലക്കുന്നതിനും പ്രധാനമായി ഉപയോഗിച്ചിരുന്നു. ആരാണ് ഇത് നിർമ്മിച്ചതെന്നോ ഇതിന്റെ യഥാർത്ഥ പ്രായം എത്രയെന്നോ കണ്ടെത്താൻ സാധിച്ചിട്ടില്ല.
മാലിന്യക്കൂമ്പാരമായ കാലം
നാട്ടിൻപുറങ്ങളിൽ കിണറുകൾ വ്യാപകമായതോടെ കുളത്തിന്റെ പ്രാധാന്യം കുറഞ്ഞു. ഇതോടെ ഉപയോഗിക്കപ്പെടാതെ കിടന്ന കാട്ടിൽ കുളം പിന്നീട് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. മാലിന്യം തടയാൻ തൊടിയൂർ ഗ്രാമപഞ്ചായത്ത് വേലി കെട്ടിയെങ്കിലും അത് തകർത്ത് നിക്ഷേപം തുടർന്നു.
സംരക്ഷണം ഉറപ്പാക്കി
ഏറ്റവും ഒടുവിൽ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് കുളത്തെ സംരക്ഷിക്കാൻ മുൻകൈയെടുത്തു. 2024-ൽ മാലിന്യം നീക്കിയ ശേഷം തണ്ണീർത്തട സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി 17 ലക്ഷം രൂപ ചെലവഴിച്ചു. എട്ട് സെന്റ് വിസ്തൃതിയുള്ള കുളത്തിന്റെ നാല് വശത്തും ആറടി ഉയരത്തിൽ ഉരുക്ക് വേലി നിർമ്മിച്ചാണ് ഇപ്പോൾ സംരക്ഷണം ഉറപ്പാക്കിയിട്ടുള്ളത്.
കുളത്തിനുള്ളിൽ പില്ലറുകളിൽ ഒരു കെട്ടിടം നിർമ്മിച്ച് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസോ, കൃഷിഭവൻ സബ് സെന്ററോ ഇവിടെ സ്ഥാപിക്കാൻ ശ്രമം നടത്തിയെങ്കിലും പ്രാവർത്തികമായില്ല .
സുനിത അശോക്
ബ്ലോക്ക് പഞ്ചായത്തംഗം