കൊല്ലം: തുലാവർഷം കനത്ത് പെയ്ത് തുടങ്ങിയതിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഹിറ്റായ വീ-പാർക്കിന് മുന്നിലും കൊല്ലത്ത് നിന്ന് ചിന്നക്കട വഴി കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന റോഡിൽ ആശ്രാമം ബസ് സ്റ്റോപ്പിന് മുന്നിലും ക്യാമ്പിലെ ബസ് സ്റ്റോപ്പിനും മുന്നിലും പാർവത്യാർ ജംഗ്ഷനിലും മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം വാർഡിലെ കെ.പി.അപ്പൻ റോഡിലും കളക്ടറേറ്റിന് സമീപം ഇളമ്പള്ളൂർ സ്കൂളിന് മുന്നിലുമെല്ലാം രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാർക്ക് തലവേദനയായി.
ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് കൊല്ലം റെയിൽവേ സ്റ്റേഷന്റെ താത്കാലിക പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്തുവരെയാണ് വെള്ളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ചെളിവെള്ളത്തിൽ ചവിട്ടാതിരിക്കാൻ കാൽനട യാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. വാഹനങ്ങൾ ഇടിക്കാതെ ഇവർ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. റോഡിലേക്കിറങ്ങി നടക്കവേ അപകടം മണത്താൽ, ചെളിവെള്ളത്തിലേക്ക് ചാടുക മാത്രമേ രക്ഷയുള്ളൂ. മഴക്കാലത്ത് സ്റ്റേഷനിലേക്ക് എത്തുന്നവരും ചെളിവെള്ളം ചവിട്ടിക്കയറേണ്ട അവസ്ഥയാണ്.
ചെറിയ മഴയിൽ പോലും വെള്ളം നിറയുന്ന ഇവിടങ്ങളിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ റോഡിന്റെ പകുതിയോളം ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്. വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാൽ വർഷത്തിൽ പകുതിയോളം സമയത്തും ഇവിടെ വെള്ളക്കെട്ടാണ്.
ആശ്രാമത്ത് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ വെള്ളക്കെട്ടായതിനാൽ ബസുകൾ റോഡിന്റെ മദ്ധ്യഭാഗത്ത് നിറുത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. ഇത് പലപ്പോഴും ഗതാഗത തടസത്തിനും കാരണമാകുന്നുണ്ട്. ബസിൽ കയറാനായി ഓടി വരുന്നവർ ചെളിയിൽ തെന്നി വീഴന്നതും പതിവാണ്. ഓടകളിൽ മിക്കതും മണ്ണും ചെളിയും നിറഞ്ഞനിലയിലാണ്. മഴ ഒരുദിവസം നിറുത്താതെ പെയ്താൽ ക്യൂ.എ.സി റോഡിൽ നിന്ന് കർബല- റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ വളവിൽ 'ഓട ഏതാ റോഡ് ഏതാ' എന്ന് തിരിച്ചറിയാൻ കഴിയാത്ത നിലയിൽ വെള്ളം നിറയും. ഓടകളില്ലാത്തതും ഉള്ള ഓടകൾ കൃത്യസമയത്ത് വൃത്തിയാക്കാത്തതുമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷേപം.
വെള്ളം തെറിപ്പിച്ച് വാഹനങ്ങൾ
കാൽനട യാത്രക്കാരെ ഗൗനിക്കാതെയാണ് വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നത്
ഓടകൾ മാലിന്യം നിറഞ്ഞ് അടഞ്ഞു
പെയ്ത്ത് വെള്ളം ഒഴുകിപ്പോകാൻ മാർഗം ഇല്ല
മാലിന്യം കലർന്ന വെള്ളം കാൽനട യാത്രക്കാരുടെയും കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുന്നവരുടെയും മേൽ പതിക്കുന്നു
വെള്ളക്കെട്ടിന് പഴക്കമേറുമ്പോൾ കൂത്താടികളുടെ ശല്യവും രൂക്ഷമാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം.
നാട്ടുകാർ