കൊല്ലം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ യുവജന പ്രസ്ഥാനത്തിന്റെ പ്രഥമ ഒ.സി.വൈ.എം എക്സലൻസ് അവാർഡ് നല്ലില സെന്റ് ഗബ്രിയേൽ യുവജനപ്രസ്ഥാനത്തിന് ലഭിച്ചു. മലങ്കര സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് നടന്ന പ്രഗതി അവാർഡ് സമ്മേളനത്തിൽ കേന്ദ്ര യുവജന പ്രസ്ഥാനം പ്രസിഡന്റ് അഭി ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.
സഭാ വൈദിക സെക്രട്ടറി ഫാ. സജി അമയിൽ, സഭാ അൽമായ ട്രസ്റ്റി റോണി വർഗീസ്, യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, കേന്ദ്ര യുവജനപ്രസ്ഥാനം ഭാരവാഹികൾ എന്നിവരുടെ സാനിദ്ധ്യത്തിൽ യുവജനപ്രസ്ഥാനം പ്രവർത്തകർ അവാർഡ് ഏറ്റുവാങ്ങി. കഴിഞ്ഞ 3 വർഷം കൊണ്ട് സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനത്തിലൂടെ ജാതിമത ഭേദമന്യേ 50-ഓളം യുവജനങ്ങളെ കേരള സർക്കാർ സർവീസിൽ എത്തിച്ച സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനം പരിഗണിച്ചാണ് പുരസ്‌കാരം.
പ്രസിഡന്റ് ഫാ. ക്രിസ്റ്റി ജോസ്, വൈസ് പ്രസിഡന്റ് ജോസി ജോൺ, സെക്രട്ടറി ജെസ്സിൻ ജെ ജിജു, ജോയിന്റ് സെക്രട്ടറി ഏബൽ മാത്യു, ട്രസ്റ്റി ജിബിൻ ജോസ്, ജോയിൻ്റ് ട്രസ്റ്റി ജോയൽ. കെ ജോസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.