ccc
ഉള്ളുരുപ്പ് ജംഗ്ഷനിൽ പി.ഡബ്ല്യു.ഡി റോഡിൽ പാർശ്വഭിത്തിക്ക് കൈവരി നിർമ്മിച്ചിട്ടില്ലാത്ത അപകടകരമായ സ്ഥലം

പടിഞ്ഞാറെ കല്ലട: "രാത്രി കാലങ്ങളിൽ ഈ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഉള്ളൊന്ന് കിടുങ്ങും. എതിരെ ഒരു വണ്ടി വന്നാൽ പേടിച്ച് വശം കൊടുക്കുമ്പോൾ താഴെയുള്ള വീട്ടുകാരുടെ നെഞ്ചിടിപ്പ് കൂടും." പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ കാരാളിമുക്ക് വളഞ്ഞവരമ്പ് കടപുഴ പി.ഡബ്ല്യു.ഡി റോഡിലെ ഒരു പ്രദേശവാസിയുടെ ഈ വാക്കുകളിൽ തന്നെയുണ്ട് അവിടുത്തെ അപകടാവസ്ഥ. റോഡിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം ഉള്ളുരുപ്പ് ജംഗ്ഷനിൽ റോഡിന്റെ ഇരുവശത്തും പാർശ്വഭിത്തിക്ക് കൈവരി നിർമ്മിച്ചിട്ടില്ലാത്തത് വാഹനാപകടങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി മാറിയിരിക്കുകയാണ്.

അന്താരാഷ്ട്ര നിലവാരം

ഏകദേശം നാല് വർഷം മുമ്പാണ് കിഫ്ബി പദ്ധതി പ്രകാരം റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ചത്. എന്നാൽ, റോഡിന്റെ നവീകരണ വേളയിൽ വർഷങ്ങൾക്കുമുമ്പ് നിർമ്മിച്ച പാർശ്വഭിത്തിയിൽ നിന്ന് മുക്കാൽ മീറ്ററോളം റോഡ് ഉയർന്നു. റോഡിന്റെ ഈ ഉയർച്ചയ്ക്ക് ആനുപാതികമായി പാർശ്വഭിത്തിയുടെ ഉയരം കൂട്ടുകയോ മണ്ണിട്ട് ഉയർത്തുകയോ സുരക്ഷയുടെ ഭാഗമായി കൈവരികൾ നിർമ്മിക്കുകയോ ചെയ്തിട്ടില്ല.

അധികൃതരുടെ അനാസ്ഥ

റോഡ് നവീകരിക്കുന്ന സമയത്തുതന്നെ നാട്ടുകാർ കരാർ കമ്പനിയോടും അധികൃതരോടും ഈ അപകടാവസ്ഥയെക്കുറിച്ച് പരാതി പറഞ്ഞിരുന്നു. എന്നാൽ ആരും അത് ചെവിക്കൊണ്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൊതുവേ റോഡിന് വീതി കുറവായ ഈ ഭാഗത്ത് എതിരെ വരുന്ന വാഹനങ്ങൾക്ക് വശം കൊടുക്കുമ്പോൾ, റോഡിനോട് ചേർന്ന് താഴ്ഭാഗത്ത് താമസിക്കുന്ന ആളുകൾ ഏറെ ഭയപ്പാടോടുകൂടിയാണ് കഴിഞ്ഞുവരുന്നത്.

സ്കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന ഒരു ജംഗ്ഷൻ കൂടിയാണ് ഇവിടം. കൊടും വളവു കൂടിയായ ഇവിടെ എതിരെ വരുന്ന വാഹനങ്ങൾക്ക് വശം കൊടുക്കാനായി ഡ്രൈവർമാർ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നഅവസരത്തിൽ നിയന്ത്രണം നഷ്ടപ്പെടുവാനും വാഹനങ്ങൾ കുഴിയിലേക്ക് മറിയുവാനും സാദ്ധ്യത ഏറെയാണ്, പാർശ്വഭിത്തിക്ക് കൈവരി നിർമ്മിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ അടിയന്തരമായി നിർമ്മിക്കുവാനുള്ള നടപടി അധികൃതർ സ്വീകരിക്കണം.

പി.അജി ,

പ്രിൻസ് ഡെയിൽ,

നെൽപ്പുരക്കുന്ന്