കൊല്ലം: കുഞ്ഞുമക്കളായ ആറുവയസുകാരി അതിഥിയെയും ആറ് മാസം പ്രായമുള്ള അനശ്വരയെയും കാണാതെ ശ്രീരാഗ് രാധാകൃഷ്ണൻ (അപ്പു) യാത്രയായി. ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ബെയ്റ തുറമുഖത്തുവച്ച് ലോഞ്ച് ബോട്ട് മുങ്ങി ഉണ്ടായ അപകടത്തിലാണ് ശ്രീരാഗിനെ മരണം കവർന്നത്.
ഭാര്യയും രണ്ട് പെൺമക്കളും മാതാപിതാക്കളും സഹോദരനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്രീരാഗ്. മൊസാംബിക്കിൽ നിന്ന് വിമാനമാർഗം മുംബയിൽ എത്തിച്ച മൃതദേഹം പുലർച്ചയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു. അവിടെനിന്ന് ആംബുലൻസിൽ റോഡുമാർഗം ശനിയാഴ്ച രാവിലെ എട്ടരയോടെ തേവലക്കര ഗംഗയിൽ വീട്ടിലെത്തിച്ചു.
പുഞ്ചിരികൊണ്ടും സൗമ്യസ്വഭാവം കൊണ്ടും ഏവരുടെയും മനസ് കീഴടക്കിയ ശ്രീരാഗിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയവർ അക്ഷരാർത്ഥത്തിൽ തേവലക്കരയെ കണ്ണീരിൽ മുക്കി.
പൊന്നുമോനേ.. നീ ഞങ്ങളെ വിട്ടുപോയല്ലോടാ എന്നുപറഞ്ഞ് അലമുറയിട്ട് കരയുന്ന അമ്മയുടെയും അച്ഛന്റെയും വാക്കുകൾ കേട്ടുനിന്നവരുടെയും ഉള്ളുലച്ചു. പൊതുദർശനത്തിനു ശേഷം രാവിലെ പത്തേമുക്കാലോടെ സംസ്കാരചടങ്ങുകൾ ആരംഭിച്ചു. ഉറ്റവരുടെ നിലവിളികൾക്കിടയിലും സങ്കടം കടിച്ചമർത്തി സഹോദരൻ ശ്രീകാന്ത് ചിതയ്ക്ക് തീ കൊളുത്തി.