കൊട്ടാരക്കര: "പുരുഷ വാർഡിലിരുന്ന രോഗികൾക്ക് മഴ തുടങ്ങിയപ്പോൾ എപ്പോഴാണ് തലയിൽ ഒരു കഷ്ണം അടർന്നു വീഴുക എന്ന പേടിയായിരുന്നു." കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പ്രധാന കെട്ടിടങ്ങളിലൊന്ന് അപകടാവസ്ഥയിലായതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു ജീവനക്കാരൻ തമാശയായി പറഞ്ഞെങ്കിലും, അത് അവിടുത്തെ ഭീകരമായ അവസ്ഥയുടെ നേർചിത്രമാണ്. കനത്ത മഴ തുടർന്നതോടെ 1961ൽ നിർമ്മിച്ച കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ ഇടിഞ്ഞു തുടങ്ങിയതോടെയാണ് അപകടാവസ്ഥ കൂടുതൽ ഗുരുതരമായത്. ഇവിടെ പ്രവർത്തിച്ചുവന്ന പുരുഷന്മാരുടെ വാർഡിലെ രോഗികളെ ഇന്നലെ പൂർണ്ണമായും മറ്റ് വാർഡുകളിലേക്ക് മാറ്റി.
ഫാർമസിയും ലാബും ഭീഷണിയിൽ
കെട്ടിടം ഏത് നിമിഷവും ഇടിഞ്ഞുവീഴാൻ സാദ്ധ്യതയുണ്ടെങ്കിലും താഴത്തെ നിലയിൽ ഫാർമസിയും ലാബും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാർ ജീവഭയത്തോടെയാണ് ജോലി ചെയ്യുന്നത്. രോഗികളും കൂട്ടിരിപ്പുകാരും ഇവർക്കരികിലേക്ക് എത്തുന്നുമുണ്ട്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് നേരത്തേ റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും, പകരം സംവിധാനമില്ലാത്തതിനാലാണ് ഇവിടെ പ്രവർത്തനം തുടർന്നത്. ഈ സൗകര്യങ്ങളും ഉടൻ മറ്റൊരിടത്തേക്ക് മാറ്റിയേക്കും.
ഹൈടെക് വികസനം പാതിവഴിയിൽ
കോടികൾ മുടക്കിയുള്ള ഹൈടെക് വികസന പദ്ധതികളുടെ നിർമ്മാണം തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് മാത്രമാണ് പൂർത്തിയായതും പ്രവർത്തനം തുടങ്ങിയതും. മറ്റ് കെട്ടിടങ്ങളൊക്കെ പാതിവഴിയിലാണ്. ഇതുമൂലം സ്ഥല പരിമിതി ഏറെയുണ്ട്. പഴയ കെട്ടിടങ്ങളൊക്കെ പൊളിച്ച് മാറ്റുകയും ചെയ്തു. സ്ഥലപരിമിതികളിൽ വീർപ്പുമുട്ടുമ്പോഴാണ് നിലവിൽ പ്രവർത്തിച്ചിരുന്ന കെട്ടിടവും അപകടാവസ്ഥയിലായത്.
.