ukf-

പാരിപ്പള്ളി: യു.കെ.എഫ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ (ഓട്ടോണമസ്) മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം ഗ്യാരേജ് ടീം ടർബോസിന് ദേശീയ തലത്തിൽ നേട്ടം. നാഷണൽ ഇലക്ട്രിക് ബൈക്ക് ഡിസൈൻ ചലഞ്ചിൽ, ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്നവേഷൻ അവാർഡ് കരസ്ഥമാക്കിയത്.

കോയമ്പത്തൂരിലെ ശ്രീ രാമകൃഷ്ണ ഇൻസ്റ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ മെക്കട്രോൺ മോട്ടോഴ്‌സുമായി സഹകരിച്ച് സംഘടിപ്പിച്ച ഇലക്ട്രിക് ബൈക്ക് ഡിസൈൻ ദേശീയ തല മത്സരത്തിൽ 19 ടീമുകൾ പങ്കെടുത്തു.

ഭോപ്പാലിലെ ആർ.പി.എം അന്താരാഷ്ട്ര റേസിംഗ് സർക്യൂട്ടിൽ ഹിന്ദുസ്ഥാൻ മോട്ടോർ സ്‌പോർട്‌സുമായി സഹകരിച്ച് സംഘടിപ്പിച്ച ഇന്ത്യൻ ഇലക്ട്രിക് ബൈക്ക് ചാമ്പ്യൻഷിപ്പിൽ, 22 ടീമുകൾ പങ്കെടുത്ത മത്സരങ്ങളിൽ യു.കെ.എഫ് കോളേജ് ടീം മൂന്നാം സ്ഥാനവും പ്രത്യേകമായി നടന്ന 'കിൽ ദ ഹിൽ' ഇവന്റിൽ രണ്ടാം സ്ഥാനവും നേടി. യു.കെ.എഫ് മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം അസി. പ്രൊഫസർമാരായ സി.ആർ.ശ്രീഹരി, പി.അനുരാഗ് എന്നിവരാണ് വിജയത്തിന് പിന്നിൽ. അവസാന സെമസ്റ്റർ മെക്കാനിക്കൽ വിദ്യാർത്ഥി എസ്.നിർമലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അഭിഷേക്, അനന്തു ഗിരീഷൻ, അബാബിൻ, അമൽ, ദർശ്, സന്ദീപ് എന്നിവർ നയിച്ച ടീം ടർബോസാണ് മാർക്ക് വൺ ഇലക്ട്രിക് ബൈക്കിന്റെ രൂപകല്പനയും നിർമ്മാണവും പൂർത്തിയാക്കിയത്.

കോളേജ് എക്‌സി. ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, പ്രിൻസിപ്പൽ ഡോ. ജയരാജു മാധവൻ, വൈസ് പ്രിൻസിപ്പൽ ഡോ. വി.എൻ.അനീഷ് എന്നിവർ നേട്ടത്തിൽ അഭിനന്ദിച്ചു.