ആലപ്പുഴ: എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രാരംഭ സ്തനാർബുദം കണ്ടെത്താൻ പ്രത്യേക പദ്ധതിയുമായി റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211. മാമോഗ്രാം യന്ത്രത്തെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും റേഡിയേഷൻ ഇല്ലാത്തതും അനായാസം എവിടെയും കൊണ്ടുപോകാനും കഴിയുന്നതാണ് ഈ പുത്തൻ സാങ്കേതിവിദ്യ. പദ്ധതിയുടെ ഉദ്ഘാടനം 27ന് രാവിലെ 9.30ന് ആലപ്പുഴ ഹോട്ടൽ ക്ലാസിക് റെസിഡൻസിയിൽ മന്ത്രി പി.പ്രസാദ് നിർവഹിക്കും.
ഡിസ്ട്രിക്ട് 3211ന്റെ കീഴിൽ വരുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ മേഖലയിലും പ്രത്യേക ക്യാമ്പ് നടത്തിയാകും പരിശോധന. മൂന്നു യന്ത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഒരു യന്ത്രത്തിന് 50 ലക്ഷത്തോളം രൂപയാണ് ചെലവെന്ന് ഡിസ്ട്രിക്ട് ഗവർണർ ഡോ.ടീന ആന്റണി പറഞ്ഞു. ഒരുദിവസം പരമാവധി 40 പേരെയാണ് പരിശോധിക്കാൻ കഴിയുക. ക്യാമ്പുകൾക്ക് പുറമെ നാല് ആശുപത്രികളുടെ സഹായത്തോടെ വിവിധ ജില്ലകളിൽ സേവനമൊരുക്കും. ഇവിടെയും മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പരിശോധിക്കാം. രോഗം കണ്ടെത്തായാൽ മറ്റ് ചികിത്സകൾ സ്വന്തം നിലയ്ക്കാണ് ചെയ്യേണ്ടതെന്നും ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ ആർ.കൃഷ്ണൻ പറഞ്ഞു.