plastic

കൊല്ലം: നഗരത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ 2000 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

കൊല്ലം ചാമക്കടയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ രഹസ്യ ഗോഡൗണിൽ നിന്നാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് കോട്ട് ചെയ്ത പേപ്പർ കപ്പ്, പ്ലാസ്റ്റിക് സ്ട്രോ, പ്ലാസ്റ്റിക് വാഴയില തുടങ്ങിയ 2000 കിലോ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കണ്ടെത്തിയത്. സ്ഥാപനത്തിനെതിരെ പിഴ ചുമത്തി ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും. വരും ദിവസങ്ങളിൽ ഇത്തരത്തിലുള്ള മുഴുവൻ സ്ഥാപനങ്ങളുടെയും ഗോഡൗണുകൾ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോർപ്പറേഷനിലെ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജി.സാബുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറന്മാരായ അശ്വതി ശങ്കർ, ആശ, പ്രിയ റാണി എന്നിവർ പങ്കെടുത്തു.