കൊട്ടാരക്കര: പത്തനാപുരം, പട്ടാഴി, താമരക്കുടി, കലയപുരം വഴി കൊല്ലത്തേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായി. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് രാവിലെയും വൈകിട്ടും സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം. നിലവിൽ, താമരക്കുടിയിലോ പട്ടാഴിയിലോ കലയപുരത്തോ ഉള്ളവർക്ക് കൊല്ലത്തേക്ക് പോകാൻ കൊട്ടാരക്കരയിൽ ഇറങ്ങി മറ്റൊരു ബസിൽ യാത്ര തുടരേണ്ട അവസ്ഥയാണുള്ളത്. ഇത് യാത്രാദുരിതം വർദ്ധിപ്പിക്കുന്നു. പത്തനാപുരം ഡിപ്പോയിൽ നിന്ന് ഈ റൂട്ടിൽ സർവ്വീസ് ആരംഭിച്ചാൽ, വിവിധ ആവശ്യങ്ങൾക്കായും തൊഴിൽ, പഠന കാര്യങ്ങൾക്കായും നിത്യേന കൊല്ലം ഭാഗത്തേക്ക് പോകേണ്ടി വരുന്നവർക്ക് വലിയ അനുഗ്രഹമാകും.
നിവേദനം നൽകി
ബസ് സർവീസ് വേണമെന്നാവശ്യപ്പെട്ട് കലയപുരം തേൻ ഉത്പ്പാദക കർഷക സംഘം എക്സിക്യൂട്ടീവ് യോഗം ചേർന്ന് ഗതാഗത വകുപ്പിന് നിവേദനം നൽകി. പ്രസിഡന്റ് കലയപുരം മോനച്ചൻ അദ്ധ്യക്ഷനായ യോഗത്തിൽ പ്രൊഫ. ടി.ജെ. ജോൺസൺ, നടുക്കുന്നിൽ രാമചന്ദ്രൻപിള്ള, കലയപുരം ശിവൻപിള്ള, സന്തോഷ് കുമാർ, രാഘവൻ. ആർ, ടി.ടി. രാജു, വി. മാധവൻ, രാജപ്പനാചാരി, ജി. ഗീതാകുമാരി, അജിത ദിവാകരൻ എന്നിവർ സംസാരിച്ചു.