കൊല്ലം: നിയന്ത്രണം വിട്ട കാറിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചോടെ തട്ടാമല പള്ളിക്ക് സമീപമായിരുന്നു അപകടം. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് വരുകയായിരുന്ന കാർ ആദ്യം എതിർ ദിശയിൽ നിന്ന് വന്ന രണ്ട് ബൈക്കുകളിലിടിച്ചു. തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിലും കാറിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികർക്കും റോഡരികിൽ നിന്നവർക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമല്ലെന്ന് ഇരവിപുരം പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ രജിസ്ട്രേഷനിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ കേസെടുത്തിട്ടില്ല.