കൊല്ലം: അഷ്ടമുടി കായലിൽ വെങ്കേക്കര കുതിരക്കടവു മുതൽ മങ്ങാട് കടവൂർ പാലം, കണ്ടച്ചിറ പാലം എന്നിവിടങ്ങളിൽ ചാകര നിറയും പോലെ മാലിന്യം കുമിഞ്ഞിട്ടും അധികൃതർ ഗൗനിക്കുന്നില്ല. മത്സ്യ ഉത്പാദനത്തെ വരെ ബാധിക്കും വിധം മാലിന്യം കായലിൽ കുന്നുകൂടുന്നു. ആശങ്കയിലായ മത്സ്യത്തൊഴിലാളികൾ നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ അനങ്ങുന്നേയില്ല.
രാത്രിയുടെ മറവിൽ വലിയ ചാക്കുകളിൽ കെട്ടിയ നിലയിൽ കടവൂർ പാലത്തിൽ നിന്നാണ് കൂടുതലായി മാലിന്യം കായലിലേക്ക് വലിച്ചെറിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും കവറുകളുമൊക്കെയാണ് ചെറുതും വലുതുമായ കെട്ടുകളായി കായലിലേക്ക് വലിച്ചെറിയുന്നത്. ഇത് മഴയിൽ ശക്തമായ ഓളമടിച്ച് കായലിൽ പരന്ന് ഒഴുകിനടക്കുന്നു. ഇതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായി. ഇതിനെല്ലാം പുറമെ പ്രദേശങ്ങളിൽ കൊതുകുശല്യവും രൂക്ഷമാണ്.
ഇതൊന്നും കാണാൻ ആരുമില്ലേ?
രണ്ടാഴ്ചയായി മത്സ്യബന്ധനം നടത്തുമ്പോൾ മീനിന് പകരം വല നിറയെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ
പ്രദേശം മാലിന്യ നിക്ഷേപ കേന്ദ്രങ്ങമായി മാറിയിട്ടും അധികൃതർക്ക് അറിഞ്ഞ ഭാവമില്ല
മാലിന്യം തള്ളുന്നത് പലതവണ കോർപ്പറേഷനെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചു
ഒരു പരിശോധന നടത്താൻ പോലും ആരും എത്തിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ
കായലിന്റെ അടിത്തട്ടിൽ വളരുന്ന ചെമ്മീൻ ഉൾപ്പടെയുള്വ നാശത്തിന്റെ വക്കിൽ
മത്സ്യ സമ്പത്ത് നശിക്കാനുള്ള മൂലകാരണം ഈ മാലിന്യങ്ങൾ
മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം പ്രതിസന്ധിയിലേക്ക്
രാത്രി വലയിടാൻ പോകുമ്പോൾ മഴയുള്ള സമയങ്ങളിൽ വള്ളങ്ങൾ പാലത്തിനു കീഴിൽ കുടുങ്ങാറുണ്ട്. പലപ്പോഴും ഇങ്ങനെ നിൽക്കുന്ന അവസരങ്ങളിൽ വാഹനങ്ങളിൽ എത്തുന്നവർ പാലത്തിൽ നിന്ന് താഴേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങൾ ദേഹത്തു വീണ സംഭവവും ഉണ്ടായിട്ടുണ്ട്
വിനോദ് അൽഫോൺസ്, വെങ്കേക്കര, മതിലിൽ