കൊല്ലം: തിരിക്കേറിയ റോഡുകളിൽ സുരക്ഷിതമായി റോഡ് മറി​കടക്കാൻ കാൽനട യാത്രി​കർക്കായി​ നിർ‌മ്മിച്ച മേൽപ്പാലങ്ങൾ (ഫൂട്ട് ഓവർ ബ്രിഡ്ജ്) ആർക്കും വേണ്ട. എത്ര തി​രക്കുണ്ടെങ്കി​ലും റോഡി​ലൂടെത്തന്നെ അപ്പുറമി​പ്പുറം കടന്നാൽ മാത്രമേ തൃപ്തി​വരൂ എന്നതാണ് യാത്രക്കാരുടെ മാനസി​കാവസ്ഥ. ഫലമോ. മേൽപ്പാലങ്ങൾ തെരുവ് നായ്ക്കളും സാമൂഹ്യ വി​രുദ്ധരും കൈയടക്കി​.

ഹൈസ്കൂൾ ജംഗ്ഷൻ, കോൺവന്റ് ജംഗ്ഷൻ, ചെമ്മാൻമുക്ക് തുടങ്ങിയ ഇടങ്ങളിലെ കാൽനട മേൽപ്പാലങ്ങളാണ് അവഗണി​ക്കപ്പെടുന്നത്. മൂന്നിടങ്ങളിലും വിദ്യാലയങ്ങളുമുണ്ട്. എന്നാൽ അപൂർവ്വങ്ങളിൽ അപൂർവമായി മാത്രമേ വിദ്യാർത്ഥികൾ ഇവ ഉപയോഗപ്പെടുത്താറുള്ളു. പാലത്തി​ലെ സ്റ്റെപ്പ് കയറാനുള്ള ബുദ്ധി​മുട്ട് കൊണ്ടാവാം പലരും ഇത് ഉപേക്ഷി​ക്കുന്നത്. പാലത്തിലെ തൂണുകളും ഇരുമ്പുപാളികളുമെല്ലാം തുരുമ്പെടുത്ത് നശിച്ചുതുടങ്ങി. വിദ്യാർത്ഥികൾക്കുൾപ്പെടെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനായി കോർപ്പറേഷനാണ് കാൽനട മേൽപ്പാലങ്ങൾ നിർമ്മിച്ചത്.

തെരുവ് നായ്ക്കളും

ആരും കയറാതായതോടെ പാലങ്ങൾ സമൂഹവിരുദ്ധരുടെ താവളമാണിപ്പോൾ. പലർക്കും സുഖമായി കിടന്നുറങ്ങാനുള്ള ഇടമായി പാലങ്ങൾ മാറി. ആളനക്കം ഇല്ലാതായതോടെ തെരുവ് നായ്ക്കളും പാലം കൈയടക്കി. ആരെങ്കിലും പാലത്തിലൂടെ മറുഭാഗത്തേക്ക് കടക്കാം എന്ന് കരുതി കയറിയാൽ കടിയേൽക്കാതെ നോക്കണമെന്നു മാത്രം. പടികളിൽ ഉൾപ്പെടെയാണ് നായ്ക്കൾ കിടക്കുന്നത്.

ഫൂട്ട് ഓവർ ബ്രിഡ്ജുകളിൽ ക്യാമറ സ്ഥാപിക്കാനായി ടെൻഡർ വിളിച്ചിട്ടുണ്ട്. ഈ സമയം തുരുമ്പ് അടക്കം മാറ്റും

ഹണി ബെഞ്ചമിൻ, മേയർ