photo
പുനലൂർ-മൂവാറ്റ്പുഴ സംസ്ഥാന പാതയിലെ അലിമുക്ക് ജംഗ്ഷനിലെ കൊടും വളവിൽ നിയന്ത്രണം വിട്ട് വിറക് കയറ്റിയെത്തിയ ലോറി മറിഞ്ഞനിലയിൽ

പത്തനാപുരം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത കടന്നുപോകുന്ന അലിമുക്ക് ജംഗ്ഷനിലെ കൊടും വളവിൽ വീണ്ടും വാഹനാപകടം. പത്തനാപുരം ഭാഗത്ത് നിന്ന് തമിഴ്നാട്ടിലേക്ക് റബർ വിറക് കയറ്റിയെത്തിയ ലോറി ശനിയാഴ്ച അർദ്ധരാത്രിയോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഉഗ്രശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ, കയർ പൊട്ടി മറിഞ്ഞ ലോറിയിലെ വിറകുകൾ പാതയോരത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.

ഒരേ കടയിൽ ഒമ്പതാം തവണയും ഇടിച്ച് കയറി

ഈ കൊടുംവളവിൽ കഴിഞ്ഞ ദിവസമുണ്ടായതുൾപ്പെടെ ഇത് 11-ാമത്തെ അപകടമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മാസം പത്തനാപുരം ഭാഗത്ത് നിന്നെത്തിയ ഒരു കാർ, നിയന്ത്രണം വിട്ട് പാതയോരത്തെ ബിജുവിന്റെ ഉടമസ്ഥതയിലുള്ള എ-വൺ ചിപ്‌സ് കടയിൽ ഇടിച്ച് കയറി വ്യാപക നാശനഷ്ടമുണ്ടാക്കിയിരുന്നു. ബിജുവിന്റെ കടയിൽ മാത്രം ഇത് ഒമ്പതാം തവണയാണ് നിയന്ത്രണം വിട്ടെത്തിയ വാഹനം ഇടിച്ച് കയറുന്നത്. പല തവണകളിലായി ലക്ഷങ്ങൾ ചെലവഴിച്ച് കട പുതുക്കി പണിതതിനാൽ ബിജു വലിയ കടക്കെണിയിലാണ്. ഇന്നലെ ലോറി മറിഞ്ഞത് പാതയോരത്ത് ഒതുങ്ങിയതിനാൽ ചിപ്‌സ് കടയിൽ കയറിയില്ല.

പരിഹാരമില്ലാതെ അധികൃതർ

സംസ്ഥാന പാത നവീകരണത്തിലെ അശാസ്ത്രീയത കാരണമാണ് അലിമുക്കിലെ കൊടുംവളവിൽ അപകടം പതിവാകുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 272 കോടിയോളം രൂപ ചെലവഴിച്ച് കെ.എസ്.ടി.പി.യുടെ നിയന്ത്രണത്തിലായിരുന്നു റോഡ് നവീകരണ ജോലികൾ പൂർത്തിയാക്കിയത്. എന്നാൽ, അലിമുക്ക് ജംഗ്ഷനിലെ കൊടും വളവ് നിവർത്താൻ ആവശ്യമായ നടപടികൾ അന്നും അധികൃതർ സ്വീകരിച്ചില്ല.

അപകടസൂചന ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. അപകടം നടക്കുമ്പോഴെല്ലാം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തി ഉടൻ പരിഹാരം കാണുമെന്ന് പറയാറുണ്ടെങ്കിലും ഒന്നും നടക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

പരിഹാരമുണ്ട്

അലിമുക്കിൽ നിന്നും പുന്നല റോഡിലേക്ക് കയറുന്ന ഭാഗത്ത് നിന്ന് ആരംഭിച്ച് ജംഗ്ഷന് വടക്ക് ഭാഗത്ത് പുനലൂരിലേക്ക് പോകുന്ന സ്ഥലത്ത് എത്തുന്ന തരത്തിൽ പുതിയ റോഡ് നിർമ്മിച്ചാൽ കൊടും വളവ് ഒഴിവാക്കാൻ കഴിയും. അല്ലെങ്കിൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന കടകൾ പൊളിച്ച് വളവ് നിവർത്തി അപകടങ്ങൾ ഒഴിവാക്കണം. ഈ നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർ മുഖവിലയ്‌ക്കെടുക്കാത്തതിനാലാണ് ഇവിടെ അപകടങ്ങൾ വർദ്ധിച്ചു വരുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.