auditorium
എഴുകോൺ ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച ഓഡിറ്റോറിയം.

എഴുകോൺ: നിർദ്ധനരും ഭൂരഹിതരുമായ 17 പേർക്ക് വീടൊരുക്കാൻ എഴുകോൺ ഗ്രാമപഞ്ചായത്ത് 5 സെന്റ് ഭൂമി വീതം സൗജന്യമായി നൽകും. പദ്ധതിക്കായി കാരുവേലിൽ ബിജുഭവനിൽ ബിജു ജോൺ 60 സെന്റും, ഈലിയോട് പാലവിള രചനയിൽ വിജയസേനൻ 17 സെന്റും സൗജന്യമായി പഞ്ചായത്തിന് കൈമാറിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു ഏബ്രഹാമും കാക്കക്കോട്ടൂർ വാർഡംഗം കെ.ആർ. ഉല്ലാസും ഇടപെട്ടാണ് ഭൂമി ലഭ്യമാക്കിയത്.

നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് ഇന്ന് വൈകിട്ട് മൂന്നിന് ഭൂമി വിതരണം നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം അദ്ധ്യക്ഷനാകും. സൗജന്യ ഭൂമി വിതരണവും പുരസ്കാര വിതരണവും കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും.

അങ്കണവാടി, ആശാ, തൊഴിലുറപ്പ്, ഹരിതകർമ്മസേന തൊഴിലാളികളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് ആദരിക്കും. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കും.

2005ൽ വി.സത്യശീലന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി പണികഴിപ്പിച്ച ഓഡിറ്റോറിയമാണ് തനത് ഫണ്ടിൽ നിന്നുള്ള 45 ലക്ഷം രൂപ വിനിയോഗിച്ച് ഇപ്പോൾ ആധുനിക സംവിധാനങ്ങളോടെ നവീകരിച്ചത്. ഓഡിറ്റോറിയത്തിന് അനുബന്ധമായി ഭക്ഷണശാല ഒരുക്കുന്നതിന് 20 ലക്ഷം രൂപയുടെ പദ്ധതിക്കും അനുമതി ലഭിച്ചിട്ടുണ്ട്.