ചവറ: തേവലക്കര അഞ്ചാം വാർഡിലെ കളങ്ങര ഭാഗത്ത് തെരുവ് നായയുടെ ആക്രമണം രൂക്ഷമാകുന്നു. കാൻസർ രോഗിയായ വീട്ടമ്മ ഉൾപ്പെടെ നാല് പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി കടിയേറ്റത്.
കളങ്ങര സ്വദേശി ആദിത്യനാണ് ശനിയാഴ്ച രാത്രിയോടെ കാലിന് കടിയേറ്റത്. തുടർന്ന് ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് കളങ്ങര കിഴക്കതിൽ തങ്ങൾ കുഞ്ഞിനെ (72) വീടിന് പുറത്ത് വെച്ച് തെരുവ് നായ ആക്രമിച്ചത്.
തങ്ങൾ കുഞ്ഞിനെ നായ ആക്രമിക്കുന്നത് കണ്ടു ഓടിവന്ന കാൻസർ രോഗിയായ ഭാര്യ ജമീലാ ബീബിയെ (68) നായ കഴുത്തിലും ചെവിയുടെ ഭാഗങ്ങളിലുമായി ആക്രമിച്ചു. ഉമ്മയെ രക്ഷിക്കാൻ ഓടിയെത്തിയ മകൻ നവാസിനും (40) കടിയേറ്റു. ഒരേ കുടുംബത്തിലെ മൂന്നുപേർക്കാണ് നിമിഷങ്ങൾക്കകം പരിക്കേറ്റത്.
പോത്തിനും കടിയേറ്റു
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ജമീലാ ബീബിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ആളുകളെ ആക്രമിച്ചതിന് ശേഷം നായ സമീപത്തെ പുരയിടത്തിൽ നിൽക്കുകയായിരുന്ന ഒരു പോത്തിനെയും കടിച്ച് പരിക്കേൽപ്പിച്ചു.
പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമായതോടെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.