sd
പെരിനാട് പഞ്ചായത്ത്‌ ഓഫീസിന് സമീപം വില്ലേജ് ഓഫീസിനോടു ചേർന്നുള്ള ഹൈമാസ്റ്റ് ലൈറ്റ്

കൊല്ലം: പെരിനാട് പഞ്ചായത്തിന്റെ ഹൃദയഭാഗമെന്നു വിശേഷിപ്പിക്കാവുന്ന, പഞ്ചായത്ത്‌ ഓഫീസിനു മുൻഭാഗത്ത് പെരിനാട് വില്ലേജ് ഓഫീസിനോടു ചേർന്നു നിൽക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. . തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രം കൂടിയാണ് ഇവിടം.

രാത്രികാലത്ത് ഭീതിയോടെയാണ് ഇതുവഴിയുള്ള യാത്ര. സന്ധ്യ മയങ്ങിയാൽ വാഹനങ്ങളിൽ നിന്നും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള വെളിച്ചമാണ് ആശ്രയം. ജംഗ്ഷനിലെ കടകൾ എല്ലാം അടച്ചുകഴിഞ്ഞാൽ ഇവിടെ കൂരിരുട്ടാവും. ഇവിടെ മാത്രമല്ല സമീപത്തെ ഇടറോഡുകളിലും ഇതാണ് അവസ്ഥ. പ്രധാന ജംഗ്ഷനിൽ സന്ധ്യ മുതൽ പുലർച്ചെ വരെ ഇരുട്ടായതോടെ,​ ആളൊഴിഞ്ഞ ഭാഗങ്ങളിൽ കൂടി ഈ സമയം വരുന്ന സ്ത്രീകളും വിദ്യാർത്ഥികളും അടക്കമുള്ളവരും ആശങ്കയിലാണ്.

വഴിവിളക്കുകൾ ഇല്ലാത്തത് മുതലെടുത്ത് പ്രദേശത്ത് വിവിധ ഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെയും മദ്യപസംഘത്തിന്റെയും ശല്യവും വർദ്ധിച്ചിരിക്കുകയാണ്. പ്രഭാത സവാരിപോലും സാധിക്കാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു.

കാട്ടുപന്നി ശല്യവും

നിലവിൽ ഇവിടെ പന്നി ശല്യവും രൂക്ഷമാണ്. ഈ സാഹചര്യത്തിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ. ഹൈമാസ്റ്റ് ലൈറ്റിന്റെ സാങ്കേതിക തകരാർ കണ്ടെത്തി പരിഹരിക്കാൻ അധികൃതർ മെനക്കെടുന്നില്ല. ഇക്കാര്യയത്തിൽ അടിയന്തര നടപടികൾ കൈകൊള്ളണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.

ഒരു ലക്ഷം രൂപ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. എത്രയും വേഗം ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനസജ്ജമാക്കും

പെരിനാട് പഞ്ചായത്ത് അധികൃതർ