ചവറ: പൊൻമന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലേക്ക് വെള്ളനാതുരുത്ത് തീരദേശം വഴി എത്തിച്ചേരുന്ന റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് ഒന്നര വർഷത്തിലധികമായി. തീർഥാടകർ ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഈ റോഡിലെ പടുകൂറ്റൻ കുഴികൾ അപകടക്കെണിയായി മാറിയിരിക്കുകയാണ്.
ഐ.ആർ.ഇ അധികൃതരുടെ അനാസ്ഥ
റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രഭാരവാഹികൾ ഐ.ആർ.ഇ അധികൃതരെ സമീപിച്ചിരുന്നു. ഉടൻ നന്നാക്കി തരാമെന്ന് ഒരു വർഷം മുമ്പ് ഉറപ്പു ലഭിച്ചെങ്കിലും പാലിക്കപ്പെട്ടില്ല. കഴിഞ്ഞ വർഷത്തെ വൃശ്ചികോത്സവത്തിന് മുന്നേ നന്നാക്കി തരാമെന്ന വാഗ്ദാനവും ലംഘിക്കപ്പെട്ടു.
മൈനിംഗ് മേഖലയിലെ തകർച്ച
ക്ഷേത്രത്തിന് വടക്കു മാറിയുള്ള ഐ.ആർ. ഇ മൈനിംഗ് ഏരിയാ ഭാഗത്തുള്ള റോഡാണ് തകർന്ന് പടുകൂറ്റൻ കുഴിയായത്. ഐ.ആർ.ഇയുടെ മൈനിംഗ് ഏരിയ പ്രദേശത്തിന് സമീപത്തുകൂടിയുള്ള ഈ റോഡിൽ രൂപപ്പെട്ട കുഴികളിൽ വാഹനങ്ങൾ വീണ് പുതഞ്ഞുള്ള അപകടങ്ങളും ഇരുചക്ര വാഹനങ്ങൾ മറിഞ്ഞുള്ള അപകടങ്ങളും നിത്യസംഭവമായിരിക്കുകയാണ്.
ഈ വർഷത്തെ വൃശ്ചികോത്സവം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, റോഡ് നന്നാക്കി തരാൻ കമ്പനി അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടികൾ കൈകൊള്ളണം.
കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രഭാരവാഹികൾ
റോഡിന്റെ പണി കാര്യക്ഷമമായ രീതിയിൽ തന്നെ നടപ്പാക്കാൻ വേണ്ട നിർദ്ദേശം നേരത്തേ തന്നെ നൽകിയിരുന്നതാണ്. മഴ തടസമായി നിൽക്കുന്നതാണ് പ്രധാന കാരണം. ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന് അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്.
എൻ.എസ്. അജിത്ത്
ഐ.ആർ.ഇ.എൽ
ചവറ യൂണീറ്റ് ഹെഡ്