പുനലൂർ: കരവാളൂർ പഞ്ചായത്തിലെ മായിക്കൽകാവ്-വട്ടമൺ റോഡിന്റെ ഇരുവശവും കാടുകയറി. റോഡ് ആരംഭിക്കുന്നിടം മുതൽ വട്ടമൺ വരെയുള്ള ഏകദേശം രണ്ട് കിലോമീറ്ററാണ് പൂർണമായും കാട് മൂടി സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്.
മാലിന്യം തള്ളലും അധികൃതരുടെ അനാസ്ഥയും
റോഡിലേക്ക് ഉന്തിനിൽക്കുന്ന മൺതിട്ടകളിൽ നിന്നുള്ള കുറ്റിച്ചെടികൾ വളർന്ന് റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നതും ഗതാഗത തടസമുണ്ടാക്കുന്നു.
പാതയോരം കാട് കയറിയതോടെ ഈ ഭാഗം മാലിന്യം തള്ളൽ കേന്ദ്രമായി മാറി. പ്ലാസ്റ്റിക്കും ഗാർഹിക മാലിന്യമടക്കം റോഡരികിൽ തള്ളാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ സഞ്ചരിക്കുന്ന റോഡായിട്ടും ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാട് നീക്കം ചെയ്യാൻ ഒരു നടപടിയും ഉണ്ടായില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇതിന് സമാന്തരമായ ജപ്പാൻ കുടിവെള്ള പദ്ധതി - വട്ടമൺ റോഡിലെ കാടുകൾ കഴിഞ്ഞ തവണ അധികൃതർ നീക്കം ചെയ്യാതിരുന്നതിനെ തുടർന്ന് വട്ടമണ്ണിലെ ഒരു പൊതുപ്രവർത്തകന്റെ നേതൃത്വത്തിലായിരുന്നു നീക്കം ചെയ്തതെന്നും നാട്ടുകാർ പറയുന്നു.
എത്രയും വേഗം തന്നെ അധികാരികൾ റോഡിന്റെ വശങ്ങളിലെ കാടുകൾ നീക്കം ചെയ്തു അപകട സാദ്ധ്യത ഒഴിവാക്കണം.
ഡി. പ്രീജു
ഡ്രൈവർ / പൊതുപ്രവർത്തകൻ .